sami-racism

ഹൈദരാബാദ്​: 2013,2014 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണുകളിൽ സൺറൈസേഴ്​സ്​ ഹൈദരാബദിനായി കളിക്കവേ വംശീയധിക്ഷേപത്തിനിരയായതായി മുൻ വെസ്​റ്റിൻഡീസ് നായകൻ ഡാരൻ സമിയുടെ വെളിപ്പെടുത്തൽ. തന്നെയും ശ്രീലങ്കൻ താരം തിസാര പെരേരയേയും കറുത്തവരായതിനാൽ 'കാലു' എന്നാണ് പലരും വിളിച്ചിരുന്നതെന്നാണ് സമിയുടെ പരാതി. . കരുത്തരെന്ന നിലയിലാണ് അങ്ങനെ വിളിക്കുന്നതെന്നാണ് അന്ന് കരുതിയത്​. അങ്ങനെയല്ലെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നതന്ന് അമേരിക്കയിലെ ജോർജ് ഫ്ളോയ്ഡ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ സമി എഴുതിയ കുറിപ്പിൽ വ്യക്തമാക്കുന്നു.

എന്നാൽ അന്ന് സഹതാരങ്ങളായിരുന്ന പാർഥിവ്​ പ​ട്ടേലും , ഇർഫാൻ പഠാനും ആന്ധ്ര ക്രിക്കറ്റ്​ അസോസിയേഷൻ ഡയറക്​ടർ വൈ വേണുഗോപാൽ റാവുവും സമിയുടെ ആരോപണങ്ങൾ നിഷേധിച്ച്​ രംഗത്തെത്തി​. ഇത്തരം വംശീയത കലർന്ന പരാമർശങ്ങൾ ആരും ഉപയോഗിച്ചതായി കേട്ടിട്ടില്ലെന്ന്​ പാർഥിവ്​ പറഞ്ഞു. അത്തരമൊരു സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന്​ വേണുഗോപാൽ റാവുവും അറിയിച്ചു.

ഐ.പി.എല്ലിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായതായി അറിയില്ലെന്ന്​ ഇർഫാൻ പഠാനും പറഞ്ഞു. അങ്ങനെ വല്ലതുമുണ്ടായിട്ടുണ്ടെങ്കിൽ അത്​ പ്രാധാന്യത്തോടെ തന്നെ ചർച്ചചെയ്യുമായിരുന്നുവെന്നും ഇർഫാൻ വ്യക്​തമാക്കി. അതേസമയം ആഭ്യന്തര ക്രിക്കറ്റിൽ ഇത്തരം സംഭവങ്ങളുണ്ടായിട്ടുള്ളതായി ഇർഫാൻ വെളിപ്പെടുത്തി. ദക്ഷിണേന്ത്യയിൽ നിന്നുള്ള ചില താരങ്ങൾ​ ഉത്തരേന്ത്യയിൽ കളിക്കാനെത്തുമ്പോൾ പരിഹാസം നേരിട്ടിട്ടുണ്ട്​. ആരാണ് പരാമർശം നടത്തിയതെന്ന് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ഇർഫാൻ പറഞ്ഞു.