മുംബയ് : രണ്ടാഴ്ച മുമ്പ് ഇന്ത്യൻ ക്രിക്കറ്റ്കൺട്രോൾ ബോർഡുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് അലസിപ്പിരിഞ്ഞ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ എക്സിക്യൂട്ടീവ് ബോർഡ് യോഗം ഇന്ന് വീണ്ടും ചേരാനിരിക്കെ ഇൗ വർഷം ആസ്ട്രേലിയയിൽ ട്വന്റി -20 ലോകകപ്പ് നടക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണമെന്ന് ബി.സി.സി.ഐ നിലപാടറിയിച്ചു.
ഇക്കാര്യം ചർച്ചചെയ്യാനാണ് കഴിഞ്ഞമാസം ഒാൺലൈനായി ഐ.സി.സി.ബോർഡ് കൂടിയതെങ്കിലും ബി.സി.സി.ഐയുമായുള്ള തർക്കം കാരണം തീരുമാനത്തിലെത്താനാകാതെ പിരിയുകയായിരുന്നു.അടുത്ത വർഷം ഇന്ത്യയിൽ നിശ്ചയിച്ചിരിക്കുന്ന ലോകകപ്പിന് കേന്ദ്ര സർക്കാരിൽ നിന്ന് നികുതി ഇളവ് വാങ്ങിക്കൊടുക്കുന്നതിൽ ബി.സി.സി.ഐ കാലതാമസം വരുത്തുന്നതായിരുന്നു തർക്കത്തിന് പ്രധാന കാരണം. ലോകകപ്പ് നീട്ടിവയ്ക്കൽ ഉൾപ്പടെയുള്ള യോഗത്തിന്റെ അജണ്ടകൾ ചോർന്നതും സംസാരവിഷയമായി. തുടർന്നാണ് യോഗം മാറ്റിവച്ചത്.
ഇൗ വർഷം ഒക്ടോബർ -നവംബർ മാസങ്ങളിലായാണ് ആസ്ട്രേലിയയിൽ ട്വന്റി -20 ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ തങ്ങൾക്ക് ഇൗ സമയം ലോകകപ്പ് നടത്താൻ കഴിയില്ലെന്ന നിലപാടിലാണ് ക്രിക്കറ്റ് ആസ്ട്രേലിയ. ഇൗ വർഷം ലോകകപ്പ് നടക്കരുതെന്നാണ് ബി.സി.സി.ഐയും ആഗ്രഹിക്കുന്നത്. കാരണം ലോകകപ്പ് മാറ്റിവയ്ക്കുകയാണെങ്കിൽ ആ സമയം ഐ.പി.എൽ നടത്താൻ ബി.സി.സി.ഐക്ക് അവസരം ലഭിക്കും. അതേസമയം കൊവിഡിൽ നിന്ന് മുക്തമായ ന്യൂസിലാൻഡിൽ ലോകകപ്പ് നടത്തണമെന്ന് അഭിപ്രായം ഉയർന്നിട്ടുണ്ട്.