kathyi

ന്യൂയോർക്ക്:നാസയുടെ മുൻ വനിതാ ബഹിരാകാശ സഞ്ചാരിയായ കാത്തി സള്ളിവൻ ബഹിരാകാശത്ത് മാത്രമല്ല ആഴക്കടലിലും സാഹസിക ചരിത്രം കുറിച്ച1984ൽ 32ാം വയസിൽ ബഹിരാകാശത്ത് നടന്ന ആദ്യ അമേരിക്കൻ വനിത എന്ന റെക്കാഡിട്ട കാത്തി ഇപ്പോഴിതാ 68ാം വയസിൽ ഭൂമിയിലെ ഏറ്റവും ആഴമുള്ള സമുദ്ര ഗർത്തമായ മരിയാന ട്രഞ്ചിന്റെ ഏറ്റവും അടിത്തട്ടായ ചലഞ്ചർ ഡീപ് വരെ എത്തിയാണ് പുതിയ ചരിത്രം സൃഷ്ടിച്ചത്. ചലഞ്ചർ ഡീപ്പിൽ എത്തുന്ന ആദ്യത്തെ വനിതയാണ് കാത്തി സള്ളിവൻ. ശാന്തസമുദ്രത്തിൽ 35,​000 അടി ആഴത്തിലാണ് ചലഞ്ചർ ഡീപ്.

കഴിഞ്ഞ ഞായറാഴ്‌ചയാണ് കാത്തി സള്ളിവൻ റെക്കാഡിട്ടത്. പ്രഗൽഭയായ ഭൗമശാസ്‌ത്രജ്ഞയുമാണ് കാത്തി. അതിനാൽ തന്നെ ചലഞ്ചർ ഡീപ് പര്യവേക്ഷണം സ്വപ്ന സാക്ഷാൽക്കാരമായിരുന്നു.

ചലഞ്ചർ ഡീപ്പിൽ എത്തുന്ന എട്ടാമത്തെ വ്യക്തിയാണ് കാത്തി.1960ൽ ഡോൺ വാൽഷും ജാക്വസ് പിക്കാർഡും ആണ് ആദ്യം മഹാ ഗർത്തത്തിൽ എത്തിയത്. 2012ൽ ടൈറ്റാനിക് സിനിമയുടെ സംവിധായകൻ ജയിംസ് കാമറൂൺ ഇവിടെ എത്തിയിരുന്നു.

ഫ്ലോറിഡയിലെ ട്രൈറ്റോൺ സബ്മറൈൻസ് എന്ന കമ്പനി നിർമ്മിച്ച ലിമിറ്റിംഗ് ഫാക്ടർ എന്ന ചെറിയ അന്തർവാഹിനിയിലാണ് കാത്തി സള്ളിവൻ സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് പോയത്. അന്തർവാഹിനിയുടെ പരിചയസമ്പന്നനായ പൈലറ്റും സമുദ്രപര്യവേക്ഷകനുമായ വിക്ടർ വെസ്കോവോക്കൊപ്പം ആയിരുന്നു ദൗത്യം. ഏഴ് ദിവസത്തെ പര്യവേക്ഷണത്തിനിടെ അഞ്ച് തവണ ചലഞ്ചർ ഡീപ്പിൽ എത്തിയ വിദഗ്ദ്ധനാണ് വിക്ടർ വെസ്കോവോ.
പ്രഷർ ഡ്രോപ്പ് എന്ന കപ്പലിൽ നിന്നാണ് ഇരുവരും കയറിയ യാനം ക്രെയിൽ ഉപയോഗിച്ച് കടലിൽ താഴ്‌ത്തിയത്. തിരിച്ച് കപ്പലിൽ എത്തിയ കാത്തി ആദ്യം ചെയ്‌തത് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് ഫോൺ വിളിക്കുകയായിരുന്നു. ബഹിരാകാശത്തും സമുദ്രഗർത്തത്തിലും കിട്ടിയ അനുഭവങ്ങൾ കാത്തി താരതമ്യം ചെയ്‌തു. ബഹിരാകാശ നിലയം ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിൽ. അവിടെ ശൂന്യതയും പൂജ്യം മർദ്ദവും. ചലഞ്ചർ ഡീപ് പത്ത് കിലോമീറ്റ‌‌ർ ആഴത്തിൽ. അവിടെ 2,​200 ടൺ പ്രഷർ ആണ് ലിമിറ്റ‌ഡ് ഫാക്ടർ യാനത്തിൽ അനുഭവെടുന്നത്. അത്രയും കടുത്ത മർദ്ദത്തെ ചെറുക്കാൻ തക്ക ശക്തിയുള്ള യാനമാണത്.

ഫിലിപ്പീൻസ് തീരക്കടലിലെ മരിയാന ദ്വീപിന് 200 കിലോമീറ്റർ കിഴക്ക് 35,​000 അടി ആഴത്തിലാണ് മരിയാന ട്രെഞ്ച്.

ചലഞ്ചർ ഡീപ്

@ശാന്ത സമുദ്രത്തിലെ ഏറ്റവും ആഴമുള്ള ഭാഗം

@ആഴം 30,​000 അടി

@എവറസ്റ്റ് കൊടുമുടിയും മുങ്ങിപ്പോകും

@എവറസ്റ്റിന്റെഉയരം 28,​000 അടി മാത്രം

ഫിലിപ്പീൻസിൽ നിന്ന്

@കടുത്ത മർദ്ദം,​ കൊടും ശൈത്യം,​ കട്ട ഇരുട്ട്

@ അതിസൂക്ഷ്മ ജീവികൾ മാത്രം