jobseek

ന്യൂഡൽഹി:- കൊവി‌ഡ് രോഗ ബാധമൂലമുള്ള ലോക്ഡൗണിൽ സംഭവിച്ച വലിയ വരുമാന നഷ്ടം കാരണം പുതിയതായി ജോലിക്ക് ആളുകളെ വിളിക്കാൻ തയ്യാറായത് ഇന്ത്യയിലെ കമ്പനികളിൽ വെറും 5% മാത്രമാണെന്ന് സർവ്വേ റിപ്പോർട്ട്. മാൻപവർ ഗ്രൂപ്പിന്റെ ഇന്ത്യയാകെ നടത്തിയ എംപ്ളോയ്മെന്റ് ഔട്ട്ലുക്ക് സർവ്വേയിലാണ് തൊഴിൽ അന്വേഷിക്കുന്നവരെ ഞെട്ടിക്കുന്ന ഈ വിവരം. കഴിഞ്ഞ 15 വർഷം നടത്തിയ സർവ്വെയിൽ തൊഴിലന്വേഷകർക്ക് ഏറ്രവും മോശം സമയം ഇതാണ്.

ജൂലായ്-സെപ്റ്റംബർ മാസത്രയത്തിലാണ് 5 ശതമാനം തൊഴിൽ നിരക്ക്.

ഖനനം, നിർമ്മാണ മേഖല, സാമ്പത്തികം, ഇൻഷ്യുറൻസ്, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിലാകും വരും നാളുകളിൽ കൂടുതൽ തൊഴിൽ ലഭ്യമാകുക. ഏറ്റവുമധികം ജോലി സാധ്യത ഇടത്തരം കമ്പനികളിലും പിന്നീട് വലിയ കമ്പനികളിലും ആകും ഏറ്രവും കുറവ് ചെറിയ കമ്പനികളിലും. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലുമാകും ഏറ്റവുമധികം ജോലി സാധ്യത.

ഇന്ത്യയിലെ കോർപ്പറേറ്റ് മേഖല കമ്പനികൾ യുക്തിക്കനുസരിച്ച് മുന്നോട്ട് പോകുകയാണ് ഇപ്പോൾ. ലോക്ഡൗണാനന്തര കാലം കാത്തിരുന്ന് കാണണം. ആവശ്യം വർദ്ധിക്കുന്നതിനനുസരിച്ച് ജോലി സാധ്യത മെച്ചപ്പെടാം. 'വിവിധ മേഖലകളിൽ സർക്കാർ പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകൾ നല്ല ഫലം ചെയ്യുമെന്നാണ് ഇന്ത്യൻ കമ്പനികളുടെ ശുഭാപ്തി വിശ്വാസം. സർക്കാരിന് തൊഴിൽനിരക്ക് വർദ്ധിക്കുന്നതിൽ വലിയ താൽപര്യമാണുള്ളത്. അതിനാൽ തന്നെ ഈ സാമ്പത്തിക വർഷാവസാനത്തോടെ തൊഴിൽ അന്വേഷകർക്ക് പ്രതീക്ഷയുണ്ടാകും എന്ന് കരുതാം.' മാൻപവർ ഗ്രൂപ്പ് ഇന്ത്യയുടെ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സന്ദീപ് ഗുലാത്തി പറയുന്നു.