ലണ്ടൻ: ലോക്ക് ഡൗൺ യൂറോപ്പിൽ കോവിഡിന്റെ വ്യാപനം കുറച്ചുവെന്ന് പഠനം. ഇതുമൂലം യൂറോപ്പിൽ 30 ലക്ഷത്തിലേറെ മരണം ഒഴിവാക്കാനായെന്നും 11 യൂറോപ്യൻ രാജ്യങ്ങളിലെ ലോക്ക് ഡൗൺ ഫലങ്ങൾ അടിസ്ഥാനമാക്കി ഇംപീരിയൽ കോളജിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ കണ്ടെത്തി. ഒരു രോഗി എത്രപേരിലേക്ക് രോഗം പകർത്തും എന്ന, രോഗവ്യാപനത്തിന്റെ അടിസ്ഥാനമായ പുനരുത്പാദന നിരക്ക് (ബേസിക് റിപ്രൊഡക‍്ഷൻ റേറ്റ്– ആർ) കണക്കാക്കിയാണു നിഗമനം. യു.എസ് ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലും ലോക്ക് ഡൗൺ ഫലപ്രദമായെന്നാണു കണ്ടെത്തൽ. ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാൻ, ഫ്രാൻസ്, യുഎസ് എന്നീ രാജ്യങ്ങളിലെ ലോക്ക് ഡൗൺ 53 കോടിയോളം പേരെ രോഗത്തിൽ നിന്നു രക്ഷിച്ചതായി പഠനത്തിൽ പറയുന്നു.
ലോകത്ത് 72 ലക്ഷം രോഗബാധിതർ
ലോകത്ത് കൊവിഡ് ബാധിതർ 72 ലക്ഷം പിന്നിട്ടു. നാലുലക്ഷത്തിലധികം പേർക്ക് ജീവൻ നഷ്ടമായി. അമേരിക്കയിൽ മാത്രം 20 ലക്ഷത്തോളം പേർക്ക് രോഗം ബാധിക്കുകയും 1.11 ലക്ഷത്തിലധികം പേർ മരിക്കുകയും ചെയ്തു. 7,10887 ലക്ഷം രോഗികളുള്ള ബ്രസീലിൽ 37,000ത്തിലധികം പേരാണ് മരിച്ചത്. 2.87 ലക്ഷത്തിലധികം രോഗികളുള്ള ബ്രിട്ടനിൽ 40,597 പേർ മരിച്ചു.4.85 ലക്ഷം രോഗികളുള്ള റഷ്യയിൽ 6142 മരണവും 2.88 ലക്ഷം രോഗികളുള്ള സ്പെയിനിൽ 27,000ത്തിലധികം മരണവുമുണ്ടായി. ചൈനയിൽ 83,036 രോഗികളും 4634 മരണവുമാണുള്ളത്. ഇറ്റലിയിൽ 2.35 ലക്ഷം പേരെ ബാധിച്ചപ്പോൾ 34,000ത്തോളം പേർക്ക് ജീവൻ നഷ്ടമായി.
രോഗവ്യാപനം സങ്കീർണമാകുന്നു: ലോകാരോഗ്യസംഘടന
ജനീവ: കൊവിഡ് രോഗവ്യാപനം കൂടുതൽ സങ്കീർണമാകുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ദിവസേനെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ റെക്കാഡ് വർദ്ധനയാണ് ഉണ്ടാകുന്നതെന്നും ഡബ്ല്യു.എച്ച്.ഒ പറയുന്നു. യൂറോപ്പിലെ സാഹചര്യം മെച്ചപ്പെടുന്നുണ്ടെങ്കിലും ആഗോള തലത്തിൽ സ്ഥിതി മോശമാണെന്ന് -ഡബ്ല്യു.എച്ച്.ഒ തലവൻ ടെഡ്രോസ് അദാനം ഗെബ്രിയേസസ് ജനീവയിൽ പറഞ്ഞു. കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലും ഒരു ലക്ഷത്തിലധികം പേർക്ക് വീതം രോഗം ബാധിച്ചു. കഴിഞ്ഞ ദിവസം 1,36,000 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും ഇത് റെക്കാഡാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിൽ 75 ശതമാനം കേസുകളും 10 രാജ്യങ്ങളിൽനിന്നാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടർന്ന് വംശവെറിക്കെതിരായ പ്രക്ഷോഭം തുടരുന്ന അമേരിക്കയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം സമരപരിപാടികളിൽ പങ്കെടുക്കേണ്ടതെന്നും സംഘടന നിർദേശിച്ചു.