pic

കാെല്ലം: കന്റോൺമെന്റ് ഗവ. ടി.ടി.ഐയിലെ 12 ക്ലാസ് മുറികളുടെയും പൂട്ട് തകർത്ത് മോഷണ ശ്രമം. ക്ലാസ് മുറികളിലെയും ലൈബ്രറിയിലെയും ഇരുപതിൽ അധികം അലമാരകളുടെ പൂട്ടും മോഷ്ടാക്കൾ തകർത്തു. ടി.ടി.ഐ പരിസരത്തും ക്ലാസ് മുറികൾക്ക് മുമ്പിലും മലമൂത്ര വിസർജനം നടത്തിയ നിലയിലായിരുന്നു. അദ്ധ്യാപകർ ടി.ടി.ഐയിൽ എത്തിയപ്പോഴാണ് ക്ലാസ് മുറികളുടെ പൂട്ട് തകർന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് എല്ലാ ക്ലാസ് മുറികളുടെയും അലമാരകളുടെയും പൂട്ടുകൾ തകർത്തത് ശ്രദ്ധയിൽപ്പെട്ടത്. പക്ഷേ കമ്പ്യൂട്ടറുകൾ, ലാപ്ടോപ്പ് എന്നിവ സൂക്ഷിച്ചിരിക്കുന്ന മുറിയുടെ പൂട്ട് തകർത്തിട്ടില്ല.

ടി.ടി.ഐ അധികൃതർ അറിയിച്ചതനുസരിച്ച് കൊല്ലം ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി. പ്രിൻസിപ്പൽ നിർമല നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരെത്തി തെളിവുകൾ ശേഖരിച്ചു. മാസങ്ങൾക്ക് മുൻപ് കമ്മീഷണർ ഓഫീസിന്റെ തൊട്ടടുത്ത കെട്ടിടത്തിലും പിന്നീട് സമീപത്തെ കടകളിലുമൊക്കെ മോഷണം നടന്നിരുന്നു.