
കൊല്ലം: ചട്ടമ്പിസ്വാമിയുടെ ജീവിത വഴികളിലൂടെ പി.കെ.അനിൽകുമാർ നടത്തിയ യാത്രയുടെ ഫലശ്രുതിയാണ് ചട്ടമ്പിസ്വാമി ജീവിതം ദർശനം കൃതി എന്ന പുസ്‌തകം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്ന ഡി.വൈ.എഫ്. ഐയുടെ റീ സൈക്കിൾ കേരളയ്‌ക്ക് വേണ്ടി ഇന്നലെ ആ പുസ്‌തകം പ്രകാശിപ്പിച്ചു. പുസ്‌തകം വിറ്റ് കിട്ടുന്ന തുക റീ സൈക്കിൾ കേരളയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തും. പുസ്‌തകത്തിന്റെ റോയൽറ്റി തുകയും ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
ചട്ടമ്പി സ്വാമികളുടെ ജീവിതവും അദ്ദേഹത്തിന്റെ കൃതികളിലെ ദർശനവുമാണ് പുസ്‌തകത്തിന്റെ ഉള്ളടക്കം. സി.പി.എം കുന്നത്തൂർ ഏരിയ സെക്രട്ടറി ഡോ.പി.കെ.ഗോപന് പുസ്‌തകത്തിന്റെ പതിപ്പ് നൽകി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എസ്.ആർ.അരുൺബാബു പ്രകാശനവും ആദ്യ വിൽപ്പനയും നിർവഹിച്ചു. പ്രഭാഷണ കലയിലെ വചന വഴികൾ, അയ്യൻകാളിയുടെ ചരിത്രവഴികൾ എന്നീ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ശ്രദ്ധേയ പ്രഭാഷകനായ പി.കെ. അനിൽകുമാർ ഗ്രന്ഥകാരൻ പി.കെ. അനിൽകുമാർ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ എസ്.അജേഷ്, എസ്.അഖിൽ തുടങ്ങിയവർ പങ്കെടുത്തു.