ഹൂസ്റ്റൺ:അമേരിക്കയിലെ മിയപൊളിസിൽ പൊലീസ് ശ്വാസം മുട്ടിച്ചുകൊന്ന ആഫ്രോ-അമേരിക്കൻ വംശജൻ ജോർജ് ഫ്ലോയിഡിന്റെ മൃതദേഹം പേൾലാൻഡിലെ ഹൂസ്റ്റൺ മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ സംസ്കരിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ കുറച്ചു പേർ മാത്രമേ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തുള്ളൂ.
ആയിരങ്ങളാണ് ഫ്ലോയിഡിന് അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയത്അതേസമയം, വർണവിവേചനത്തിനെതിരേ അമേരിക്കൻ നഗരങ്ങളിൽ പ്രക്ഷോഭം തുടരുകയാണ്. അമേരിക്കയ്ക്ക് പുറത്ത് ബ്രിട്ടൻ ഉൾപ്പടെയുള്ള രാജ്യങ്ങളിലും ഫ്ലോയിഡിന് നീതിതേടി ആയിരങ്ങളാണ് തെരുവിലിറങ്ങുന്നത്.
സംസ്കാരചടങ്ങുകൾക്കായി ഫ്ലോയിഡിന്റെ മൃതദേഹം ശനിയാഴ്ച വൈകിട്ട് ഹൂസ്റ്റണിലെത്തിച്ചിരുന്നു. സാമൂഹിക അകലം പാലിച്ച് ഒരു സമയം 15 പേരെ മാത്രമേ പള്ളിയിലേക്ക് കടത്തിവിട്ടുള്ളൂ. അകത്തു നിൽക്കാൻ അനുവദിച്ചതുമില്ല. എനിക്കു ശ്വാസം മുട്ടുന്നു എന്ന ഫ്ലോയിഡിന്റെ അവസാന വാക്കുകൾ കുറിച്ചുവച്ച ഷർട്ടുകളുമായാണ് കറുത്തവർഗക്കാർ ഏറെയും പള്ളിയിലെത്തിയത്. കറുത്തവർക്കും ജീവിക്കണം എന്നെഴുതിയ ഷർട്ടുകളും ധരിച്ചിരുന്നു പലരും. വലിയ സുരക്ഷാസന്നാഹങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരുന്നത്. ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട്, യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമൊക്രാറ്റിക് നോമിനി ജോ ബൈഡൻ എന്നിവർ ഫ്ലോയിഡിന്റെ കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ചു. സുരക്ഷാകാരണങ്ങളാൽ, ബൈഡൻ സംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല.