ജസിന്‍ഡയും ന്യൂസീലന്‍ഡ് ജനതയും കോവിഡ് 19 എന്ന മഹാവ്യാമാരിയെ നേരിട്ട രീതി പ്രശംസനീയമായിരുന്നു. അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ജസിന്‍ഡയുടെ നേതൃപാടവത്തെ വളരെയേറെ പ്രശംസിച്ചിരുന്നു. അവരെ പോലുള്ള നേതാക്കളെയാണ് പ്രതിസന്ധി ഘട്ടങ്ങളിൽ ലോകത്തിനാവശ്യം എന്നും വിലയിരുത്തലുകളുണ്ടായിട്ടുണ്ട്. ശക്തമായ നിലപാടുകളിലൂടെയാണ് അവർ ന്യൂസിലാന്റ് ജനതയുടെ ആരാധനാപാത്രമായത്. "ജസിന്‍ഡ.. ജസിന്‍ഡ..”എന്ന് ഹർഷാരവം മുഴക്കുന്നത് രാജഭക്തി കൊണ്ടല്ല. കനിവും കരുത്തും ഒരുപോലെ ഉള്‍ച്ചേര്‍ന്ന പ്രകീർത്തിച്ചെഴുതിയ നെൾസൺ ജോസഫിന്രെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാണ്. എന്തുകൊണ്ട് ജസിൻഡയെ പുകഴ്‌ത്തുന്നു എന്നതിനുള്ള കാരണങ്ങളാണ് പോസ്റ്റിൽ വിശദീകരിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
എപ്പ നോക്കിയാലും ജസിൻഡ...ജസിൻഡ
എന്തുകൊണ്ട് ലാവോസിൻ്റെ വർക്ക് കാണുന്നില്ല?...ശ്രീലങ്കയെ പുകഴ്ത്തുന്നില്ല?
131 കോടിയുള്ള ഇന്ത്യയുമായി താരതമ്യം പോലും പറ്റില്ല..ന്യൂസിലാൻഡിൽ ഇടതുപക്ഷം ഭരിക്കുന്നതുകൊണ്ടാവും...
ന്യൂസിലാൻഡ് ഒരു ദ്വീപല്ലേ..അവിടെ ആള് കുറവല്ലേ? അവിടത്തെ ആരോഗ്യമന്ത്രി പോലും ലോക്ക് ഡൗൺ തെറ്റിച്ചതല്ലേ? ഇതാണോ നിങ്ങൾ പറഞ്ഞ മഹത്തായ മാതൃക?
കൊവിഡ് നേരിട്ട ഒരൊറ്റക്കാരണം കൊണ്ടല്ല അവരെ ഫോളോ ചെയ്യുന്നത്.
2019 മാർച്ച്. ക്രൈസ്റ്റ് ചർച്ചിൽ മോസ്കിൽ വെടിവയ്പ് നടന്നു. നിരപരാധികൾ കൊല്ലപ്പെടുമ്പൊ മൗനം പാലിക്കുന്ന, കണ്ടെന്ന് പോലും നടിക്കാത്ത ഭരണാധികാരികൾ ഉള്ള ലോകത്ത് അക്രമത്തിൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്കിടയിലേക്ക് ആ രാജ്യത്തിന്റെ പ്രധാനമന്ത്രി കടന്നുചെല്ലുകയാണ്.
വസ്ത്രം കൊണ്ട് തിരിച്ചറിയാനല്ല. അവരുടെ രീതിയിൽ വസ്ത്രധാരണം നടത്തി അവരിലൊരാളായി...
സംയമനം പാലിക്കാൻ ട്വീറ്റ് ചെയ്ത് വെറുതെയിരിക്കുകയായിരുന്നില്ല അവർ ചെയ്തത്. അവർക്കിടയിലേക്ക് കടന്നുചെന്ന് ഒരൊറ്റ ആലിംഗനം കൊണ്ട് സംസാരിച്ചു..
ആക്രമണം നടത്തിയയാളെക്കുറിച്ച്, അയാളുടെ പേരു പോലും ഞങ്ങൾ സംസാരിക്കുകയില്ലെന്നായിരുന്നു അവരുടെ രാഷ്ട്രീയം.
അതുകഴിഞ്ഞ് കുറച്ചുകാലം കഴിഞ്ഞപ്പൊ അവരൊരു വീഡിയോ പുറത്തുവിട്ടു..ഒരു രണ്ടര മിനിറ്റിൻ്റെ ഒന്ന്.
ഒരാള് വെല്ലുവിളിച്ച് തോൽക്കുന്നത് കാണുമ്പൊ അസൂയ തോന്നുന്നത് അന്ന് ആദ്യമായിരുന്നു. രണ്ട് മിനിറ്റിനുള്ളിൽ കഴിഞ്ഞ രണ്ട് വർഷത്തെ അവരുടെ സർക്കാരിൻ്റെ പ്രധാന നേട്ടങ്ങള് പറഞ്ഞു തീർക്കാൻ പറ്റുമോ എന്നായിരുന്നു ആ ചലഞ്ചിൻ്റെ ഉദ്ദേശ്യം..
അവര് ചലഞ്ചിൽ തോറ്റു. ശ്വാസം വിടാതെ പറഞ്ഞിട്ടും രണ്ട് മിനിറ്റുകൊണ്ട് പറഞ്ഞു തീർക്കാൻ പറ്റാത്തപോലെ കാര്യങ്ങൾ അവർ ആ സമയത്ത് ന്യൂസിലാൻഡിൽ ചെയ്തുതീർത്തിട്ടുണ്ട്..
ഉദാഹരണത്തിന്, രണ്ട് വർഷത്തിൽ അവർ 92,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. അയ്യേ, എന്ന് പറയുന്നതിനു മുൻപ് 2017 ലെ കണക്ക് വച്ച് ന്യൂസിലാൻഡിൻ്റെ ആകെ ജനസംഖ്യ 50 ലക്ഷത്തിൽ താഴെയാന്നറിയണം. ആ കണക്കിനൊപ്പം നിൽക്കാൻ ഇന്ത്യ രണ്ടരക്കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കണം.
അവർ വേതനം വർദ്ധിപ്പിച്ചത് നഴ്സുമാരുടെയും ടീച്ചർമാരുടെയും പൊലീസുകാരുടെയുമാണ്..മിനിമം ശമ്പളം 17.7 ഡോളറാക്കി ഉയർത്തി. സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകുന്നതിനെക്കുറിച്ച് സംസാരിച്ചപ്പൊ ഉച്ചഭക്ഷണത്തെച്ചൊല്ലി ഇവിടെയുണ്ടായ വിവാദങ്ങളോർത്തു..
അവർ ഏറ്റവും പ്രാധാന്യം നൽകിയിരിക്കുന്നത് ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമാണ്...ഇവിടെ നമ്മുടെ മുൻ ഗണന എന്തിനാണ്? അടുത്തത് കേട്ടപ്പൊഴാണ്....തൊഴിലില്ലായ്മ കഴിഞ്ഞ 11 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൊണ്ടുവന്നു...ഇവിടത്തെ അവസ്ഥ എന്താണ്?
അവിടെ രാജ്യത്തിൻ്റെ വലിപ്പം കുറവാണ് എന്ന് പറയരുത്. അവരുടെ വാഗ്ദാനങ്ങളിൽ എത്രത്തോളം അവർ പറഞ്ഞത് ചെയ്തുതീർത്തു എന്നാണ് പറഞ്ഞത്. തൊഴിലില്ലായ്മയെക്കുറിച്ചും പെട്രോളിൻ്റെയും ഡീസലിൻ്റെയും വിലയെക്കുറിച്ചുമൊക്കെ ഇവിടെ പ്രകടനപത്രികയിൽ പറഞ്ഞതിനെക്കുറിച്ച് പറഞ്ഞാ മതി..
പിന്നെ കൊവിഡിൻ്റെ കാര്യം.
അവർ ദ്വീപ് രാഷ്ട്രമാണ്. ജനസാന്ദ്രത കുറവാണ്. പക്ഷേ അവർ അവിടെ തയ്യാറെടുപ്പുകൾ നടത്തിയതിൻ്റെയും ശാസ്ത്രീയമായി കാര്യങ്ങൾ നടത്തിയതിൻ്റെയും മാറ്റ് അതുകൊണ്ട് ഒട്ടും കുറയില്ല.
അവിടെ കൈകൊട്ടിക്കളിയും പൂവിതറലുമൊന്നും ഉണ്ടായിരുന്നില്ല. കൃത്യമായി ജനങ്ങളോടും പത്രമാദ്ധ്യമങ്ങളോടും സംവദിച്ച ഒരു പ്രധാനമന്ത്രിയുണ്ടായിരുന്നു. അവിടെ ലോക്ക് ഡൗൺ തെറ്റിച്ച മന്ത്രിയുടെ കാര്യം പറഞ്ഞത് കേട്ടു. ശരിയാണ്..അവിടത്തെ ആരോഗ്യമന്ത്രി സർക്കാർ നിർദേശങ്ങൾ ലംഘിച്ച് വീടിൻ്റെ രണ്ട് കിലോമീറ്റർ അപ്പുറത്തുള്ള മൗണ്ടൻ ബൈക്കിങ്ങ് കേന്ദ്രത്തിൽ പോയി. അതിനു മുൻപ് കുടുംബവുമായി ബീച്ചിൽ നടക്കാൻ പോയിരുന്നെന്ന് പിന്നീട് സമ്മതിക്കുകയും ചെയ്തു. വേറെ ഏതെങ്കിലും സമയത്തായിരുന്നെങ്കിൽ മന്ത്രി കാബിനറ്റിനു പുറത്തായേനെ എന്നാണ് പ്രധാനമന്ത്രി അതെക്കുറിച്ച് പ്രതികരിച്ചത്.
പക്ഷേ ആ സമയത്ത് നീക്കം ചെയ്താൽ ആരോഗ്യമേഖല തകിടം മറിയാൻ സാദ്ധ്യതയുള്ളതുകൊണ്ട്....ആ ഒരൊറ്റക്കാരണം കൊണ്ട് അത് ചെയ്യുന്നില്ല എന്നും..പക്ഷേ ആളുടെ അസോസിയേറ്റ് ഫിനാൻസ് മിനിസ്റ്റർ പദവി പോയി. കാബിനറ്റ് റാങ്കിങ്ങിൽ ഏറ്റവും താഴേക്ക് തരം താഴ്ത്തുകയും ചെയ്തു.
ഇവിടെ ലോക്ക് ഡൗണിൻ്റെയോ ക്വാറൻ്റൈൻ്റെയോ നിയന്ത്രണങ്ങൾ ലംഘിക്കുന്ന മന്ത്രിമാർക്ക് എന്താണ് സംഭവിക്കാനിടയുള്ളതെന്ന് ഒന്ന് ആലോചിച്ചാൽ മതി. അതിൻ്റെ കാര്യത്തിൽ ജനസംഖ്യയും രാജ്യത്തിൻ്റെ വിസ്തീർണവുമൊന്നും ഒരു ഘടകമാവില്ല.
പിന്നെ ഏറ്റവും അവസാനത്തെ കാര്യം...
ന്യൂസിലാൻഡിൻ്റെ പ്രധാനമന്ത്രി ജേസിൻഡ ആർഡൻ തൊട്ട് ഫിൻലൻഡിൻ്റെ പ്രധാനമന്ത്രി സന മാരിൻ വരെയുള്ളവർ എത്ര ചെറിയ കാര്യം ചെയ്താലും ശരി, അത് ഉയർത്തിക്കാട്ടിയിരിക്കും.
ആലോചിച്ച് തല പുണ്ണാക്കണ്ട. 24.3% സ്ത്രീകളാണ് ലോകത്തെ എല്ലാ പാർലമെൻ്റേറിയന്മാരുടെയും കണക്കെടുത്താൽ അതിലെ വനിതാ പ്രാതിനിദ്ധ്യം. 1995 ൽ ഇത് 11.3% ആയിരുന്നു. വെറും മൂന്നേ മൂന്ന് രാജ്യങ്ങളിലാണ് അൻപത് ശതമാനത്തിനു മുകളിലുള്ളത് എന്നുകൂടി അറിയണം.
അൻപത് ശതമാനം സ്ത്രീകളെ പ്രതിനിധീകരിക്കുന്നവരുടെ എണ്ണം ഇത്രയിലൊതുങ്ങിപ്പോയത് കഴിവുള്ളവർ ഇല്ലാഞ്ഞിട്ടല്ല എന്നുകൂടിയുള്ളതിൻ്റെ തെളിവാണ് ഇവർ. ഇവർ മാത്രമല്ല, മികച്ച രീതിയിൽ പെർഫോം ചെയ്യുന്ന മറ്റ് വനിതാ നേതാക്കളും..
പ്രത്യേകിച്ച് " ശക്തരായ ഭരണാധികാരികൾ " എന്ന് സ്വയം പുകഴ്ത്തുന്ന, അനുചരവൃന്ദം പാടിപ്പുകഴ്ത്തുന്ന ഭരണാധികാരികളെ തിരഞ്ഞെടുക്കാൻ ഓടുന്ന ജനങ്ങളുള്ള ഒരു കാലത്ത്.
അത് പറഞ്ഞുകൊണ്ടേയിരിക്കണം...പറഞ്ഞുകൊണ്ടേയിരിക്കും.
അത് കണ്ട് കുരു പൊട്ടിയിട്ടും അസൂയപ്പെട്ടിട്ടും ഒരു കാര്യവുമില്ല