ലണ്ടൻ: ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബംഗാളിലെ ആദ്യത്തെ ഗവർണറായിരുന്ന റോബർട്ട് ക്ലൈവിന്റെ പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിൽ നിവേദനം. പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഷ്രൂസ്‌ബെറിയിലാണ് റോബർട്ട് ക്ലൈവിന്റെ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. വർണവിവേചനത്തിനെതിരായ സമരത്തിനിടെ ബ്രിസ്റ്റോളിലുണ്ടായിരുന്ന അടിമ വ്യാപാരി എഡ്വേർഡ് കോൾസ്റ്റണിന്റെ പ്രതിമ പ്രക്ഷോഭകർ കഴിഞ്ഞദിവസം തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് നിവേദനവുമായി ഒരുസംഘമാളുകൾ രംഗത്തുവന്നത്.
ഓൺലൈൻ പെറ്റീഷൻ സൈറ്റായ ചേഞ്ച് ഡോട്ട് ഓർഗിലാണ് ഇത്തരമൊരു ആവശ്യം ഉയർന്നിരിക്കുന്നത്. നിലവിൽ 1700 ഓളം പേർ ഇതിൽ ഒപ്പുവെച്ചിട്ടുണ്ടെന്നാണ് വിവരം. ഷ്രോസ്‌ഫൈർ കൗണ്ടി കൗൺസിലിനെ അഭിസംബോധന ചെയ്താണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
18-ാം നൂറ്റാണ്ടിൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിലെ പലഭാഗങ്ങളിലും നിയന്ത്രണം നേടിയ സമയത്ത് ബംഗാൾ പ്രസിഡൻസിയുടെ ഗവർണറായിരുന്നു റോബർട്ട് ക്ലൈവ്. തുടർന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആദ്യവർഷങ്ങളിൽ ബംഗാളിനെ കൊള്ളയടിച്ചതിൽ ക്ലൈവിന്റെ പങ്ക് നിവേദനത്തിൽ എടുത്ത് പറയുന്നുണ്ട്. നിവേദനം പരിഗണിച്ച് വിഷയത്തിൽ ക്ലൈവിന്റെ ചരിത്രം പരിഗണിച്ച് ചർച്ചയിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് പ്രദേശിക ഭരണകൂടത്തിന്റെ തീരുമാനം.