gold-loans

കൊച്ചി: സമ്പദ് പ്രതിസന്ധിയും സ്വർണവില വർദ്ധനയും ഒന്നിച്ചെത്തിയതോടെ, സ്വർണപ്പണയ വായ്‌പകൾക്ക് ഡിമാൻഡേറി. സ്വർണവില ഉയർന്ന് നിൽക്കുന്നതിനാൽ ഇപ്പോൾ പണയംവച്ചാൽ കൂടുതൽ തുക കിട്ടുമെന്നതാണ് കാരണം. ചെറുകിട ബിസിനസ് സംരംഭകരും കർഷകരുമാണ് സ്വർണപ്പണയത്തെ കൂടുതലായി ആശ്രയിക്കുന്നത്. സ്വർണത്തിന്റെ വിപണി വിലയുടെ 75 ശതമാനം വരെ വായ്‌പ നൽകാമെന്നാണ് റിസർവ് ബാങ്കിന്റെ ചട്ടം.

നാലുമുതൽ 18 ശതമാനം വരെയാണ് പലിശനിരക്ക്. നിലവിലെ ഉപഭോക്താക്കൾ തന്നെയാണ് കൂടുതലായും സ്വർണപ്പണയത്തെ ആശ്രയിക്കുന്നതെന്ന് ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ചൂട്ടിക്കാട്ടുന്നു. പുതിയ ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ വളർച്ചയില്ല. രാജ്യത്തെ ഏറ്റവും വലിയ സ്വർണപ്പണയ സ്ഥാപനങ്ങളിലൊന്നായ മണപ്പുറം ഫിനാൻസിൽ കഴിഞ്ഞമാസം സ്വർണപ്പണയ വായ്പ മികച്ച വളർച്ച നേടിയതിന് പുറമേ ശരാശരി ഉപഭോക്തൃ വായ്‌പാനിരക്ക് 38,500 രൂപയിൽ നിന്ന് 41,000 രൂപയായി ഉയർന്നു.

കുതിക്കുന്ന ഡിമാൻഡ്

കഴിഞ്ഞ സാമ്പത്തിക വർഷം പുതുതായി 4.5 ലക്ഷം സ്വർണപ്പണയ വായ്‌പകളാണ് എസ്.ബി.ഐ നൽകിയത്. നടപ്പുവർഷം എണ്ണം ഇതിലും കൂടുമെന്ന് ബാങ്ക് പ്രതീക്ഷിക്കുന്നു.

 ഈവർഷം ഏപ്രിലിനെ അപേക്ഷിച്ച് മേയിൽ സ്വർണ വായ്പകളിൽ 10 മടങ്ങ് വ‌ർദ്ധനയാണ് ഫെഡറൽ ബാങ്ക് നേടിയത്.

 ഇന്ത്യൻ ബാങ്ക് മേയിൽ നേടിയ വളർച്ച 10%. വിതരണം ചെയ്‌ത സ്വർണവായ്പാ മൂല്യം ₹3,000 കോടി

 പ്രമുഖ എൻ.ബി.എഫ്.സിയായ ഐ.ഐ.എഫ്.എൽ വിതരണം ചെയ്‌തത് ₹700 കോടി; ഈ വർഷം വള‌ർച്ചാ പ്രതീക്ഷ 12%