കൊച്ചി: മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില കൂടുമ്പോൾ കൈ പൊള്ളുന്നത് ജനത്തിന്. ഇതേസമയം, സർക്കാരും എണ്ണക്കമ്പനികളും കൊയ്യുന്നത് വൻ സാമ്പത്തിക നേട്ടം. മാർച്ച് 14ന് കേന്ദ്രം പെട്രോൾ, ഡീസൽ എക്‌സൈസ് നികുതി ലിറ്രറിന് മൂന്നുരൂപ വീതം കൂട്ടിയിരുന്നു. പുറമേ, മേയ് ആറിന് പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും കൂട്ടി.
ഈയിനത്തിൽ, മാർച്ച് 14 മുതൽ ഇതുവരെ കേന്ദ്രസർക്കാർ നേടിയ അധിക വരുമാനം രണ്ടുലക്ഷം കോടി രൂപയാണ്. ബി.എസ്-4ൽ നിന്ന് ബി.എസ്-6ലേക്കുള്ള അപ്‌ഗ്രേഡിംഗിന് എണ്ണക്കമ്പനികൾക്ക് ചെലവായത് ലിറ്ററിന് ഒരു രൂപ വീതമാണ്. ക്രൂഡോയിൽ വില കുറഞ്ഞതിന് ആനുപാതികമായ ഇളവ്, ഉപഭോക്താക്കൾക്ക് കൈമാറാതെ ഈ ചെലവും കേന്ദ്രം അടിച്ചേൽപ്പിച്ച എക്‌സൈസ് നികുതി ബാദ്ധ്യതയും എണ്ണക്കമ്പനികളും നികത്തി.
ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ബ്രെന്റ് ക്രൂഡോയിലാണ് ഇന്ത്യ വാങ്ങുന്നത്. ആഗോള ലോക്ക്ഡൗൺ മൂലം, ഡിമാൻഡ് കുറഞ്ഞതിനാൽ ഏപ്രിലിൽ ബ്രെന്റ് ക്രൂഡ് വില 20 ഡോളറിന് താഴെ എത്തിയിരുന്നു. ഇക്കാലയളവിൽ, ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ആനുപാതികമായി കുറയേണ്ടതാണെങ്കിലും ലോക്ക്ഡൗണായതിനാൽ എണ്ണക്കമ്പനികൾ വില പരിഷ്‌കരിച്ചില്ല. നികുതി വരുമാനം കുറയാതിരിക്കാൻ, ഇക്കാലയളവിൽ കേന്ദ്രം എക്സൈസ് നികുതി കുത്തനെ കൂട്ടിയതും ആനുപാതിക വിലയിളവിൽ നിന്ന് ഉപഭോക്താക്കളെ അകറ്റി.
വില മേലോട്ട്
ഇന്ത്യയടക്കം പ്രമുഖ ഉപഭോഗ രാജ്യങ്ങൾ ലോക്ക്ഡൗണിൽ ഇളവ് അനുവദിച്ചതോടെ, ഇന്ധന ഡിമാൻഡ് കൂടിയിട്ടുണ്ട്. ഇതുമുതലെടുത്ത്, ഉത്‌പാദനം വെട്ടിക്കുറച്ച്, വില കൂട്ടാനുള്ള തന്ത്രപരമായ തീരുമാനം എണ്ണ കയറ്റുമതി രാജ്യങ്ങളും എടുത്തിട്ടുണ്ട്. ഈവർഷം ഡിസംബർ വരെ വെട്ടിക്കുറയ്ക്കൽ തുടരും. ക്രൂഡ് വില ബാരലിന് 50 ഡോളറിലെങ്കിലും എത്തിക്കുകയാണ് ലക്ഷ്യം.
ക്രൂഡോയിലും
ഇന്ത്യയിലെ വിലയും
ക്രൂഡോയിൽ വില ബാരലിന് 60 ഡോളറിൽ നിന്ന് 30 ഡോളറിലെത്തിയാൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ലിറ്രറിന് 10 രൂപയെങ്കിലും കുറയണം. പക്ഷേ, എക്‌സൈസ് നികുതി വർദ്ധനമൂലം അതുണ്ടായില്ല.
മാർച്ച് 16ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് : $26.69; പെട്രോൾ : ₹72.99, ഡീസൽ : ₹67.19
ഇന്നലെ ബ്രെന്റ് ക്രൂഡ് വില $40.72; പെട്രോൾ : ₹74.72, ഡീസൽ : ₹68.86
ഏപ്രിലിൽ ബ്രെന്റ് വില 20 ഡോളറിന് താഴെയെത്തിയിരുന്നു; പക്ഷേ, ഇന്ത്യയിൽ ഇന്ധവില മാറിയില്ല.
കേന്ദ്രം എക്സൈസ് നികുതി കൂട്ടിയിരുന്നില്ലെങ്കിൽ പെട്രോളിനും ഡീസലിനും 10 രൂപയെങ്കിലും കുറയുമായിരുന്നു.
₹2 ലക്ഷം കോടി
മാർച്ച് 14നും മേയ് ആറിനും പെട്രോൾ, ഡീസൽ എക്‌സൈസ് നികുതി കൂട്ടിയ കേന്ദ്രം അന്നുമുതൽ ഇതുവരെ നേടിയ അധിക വരുമാനം രണ്ടുലക്ഷം കോടി രൂപ.
$40.75
ഉപഭോഗത്തിന്റെ 85 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ബാരലിന് 40.75 ഡോളറിനാണ് ഇന്ത്യ ബ്രെന്റ് ക്രൂഡ് വാങ്ങുന്നത്. മേയ് 11ന് 26 ഡോളറായിരുന്നു ഇന്ത്യയുടെ വാങ്ങൽവില.
ആശ്വസിക്കാൻ
വഴിയുണ്ടോ?
ക്രൂഡ് വില കുറയുമ്പോൾ ആനുപാതികമായി എക്‌സൈസ് നികുതി കൂട്ടുന്ന കേന്ദ്രം, വില കൂടുമ്പോൾ നികുതി കുറച്ചാൽ പെട്രോൾ, ഡീസൽ വില താഴും.
എക്‌സൈസ് നികുതി അന്നും ഇന്നും:
2014ൽ പെട്രോളിന് എക്‌സൈസ് നികുതി : ₹9.48; ഡീസലിന് : ₹3.56
ഇപ്പോൾ പെട്രോൾ : ₹32.98, ഡീസൽ : ₹31.83