
മനില:- കൊവിഡ്-19 രോഗബാധയ്ക്കുള്ള വാക്സിൻ കണ്ടെത്തും വരെ കുട്ടികൾ സ്കൂളിൽ വരേണ്ടെന്ന് തീരുമാനിച്ച് ഫിലിപ്പൈൻസ് ഭരണകൂടം. ടിവി വഴി കുട്ടികൾക്കുള്ള പാഠങ്ങൾ സംപ്രേക്ഷണം ചെയ്യാൻ ആലോചിക്കേണ്ടി വരും എന്നാണ് ഔദ്യോഗിക അറിയിപ്പ്. ഫ്രാൻസ്, ദക്ഷിണ കൊറിയ പോലുള്ള രാജ്യങ്ങൾ രോഗ നിയന്ത്രണം വരുത്തിയ ശേഷം സ്കൂളുകളിൽ പതിവ് വിദ്യാഭ്യാസം ആരംഭിച്ചിരിക്കുന്ന സമയത്താണ് ഫിലിപ്പൈൻസിന്റെ ഈ തീരുമാനം.
കുട്ടികൾ പഠിച്ചില്ലെങ്കിലും അവർ കൊവിഡ് ബാധിതരാകാതിരിക്കാൻ സ്കൂളുകളിൽ നിന്ന് അകന്നുതന്നെ ഇരിക്കണം എന്ന് പ്രസിഡന്റ് റോഡ്രിഗോ ഡ്യുടെർട്ട് കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടിരുന്നു. 'പ്രസിഡന്റിന്റെ ഉത്തരവ് അനുസരിച്ച് കൊവിഡ് വാക്സിൻ കണ്ടെത്തുംവരെ സ്കൂളുകളിൽ പഠനം ആരംഭിക്കുന്നത് നീട്ടിവയ്ക്കുകയാണ്.' ഫിലിപ്പൈൻസ് വിദ്യാഭ്യാസ സെക്രട്ടറി ലിയനോർ ബ്രയോണെസ് പറഞ്ഞു. ആഗസ്റ്ര് മാസം അവസാനത്തോടെ ടിവി വഴിയോ ഇന്റർനെറ്ര് വഴിയോ കുട്ടികൾക്ക് പഠനം ആരംഭിക്കാൻ ആലോചിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
അത്യാവശ്യ കാര്യങ്ങൾക്കായോ പഠനത്തിനായോ മാത്രമേ കുട്ടികൾ പുറത്തിറങ്ങാവൂ എന്ന് ഫിലിപ്പൈൻസിൽ ഉത്തരവുണ്ട്. 22474 പേർ രോഗബാധിതരായ ഫിലിപ്പൈൻസിൽ 1011 പേർ മരണപ്പെട്ടു. കൊവിഡ് വാക്സിൻ പരീക്ഷണങ്ങൾ വിവിധ രാജ്യങ്ങളിലായി പുരോഗമിക്കുകയാണ്. ബ്രിട്ടീഷ് മരുന്ന് കമ്പനിയയാ ആസ്റ്റ്ര സെനെക്ക സെപ്റ്റംബർ മാസത്തോടെ വാക്സിൻ പുറത്തിറക്കാനൊരുങ്ങുകയാണ്.