കൊല്ലം: കർണാടകയിൽ നിന്ന് ട്രെയിൻമാർഗം നാട്ടിലെത്തിയതിന് ശേഷം ആംബുലൻസിൽ പഞ്ചായത്തിന്റെ ക്വാറന്റൈൻ സെന്ററിലേക്കുവന്നവരെ പ്രദേശവാസികൾ തടഞ്ഞതിനെ തുടർന്ന് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. അമ്പലംകുന്ന് കൊല്ലങ്കോട് സ്വദേശികളായ അഞ്ചുപേരെയാണ് കഴിഞ്ഞ ദിവസം രാത്രി പത്തോടെ പൊലീസ് ഇടപെട്ട് സർക്കാർ ക്വാറന്റൈനിലാക്കിയത്.
കിണറിന്റെ സിമന്റ് തൊടിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കർണാടകയിൽ പോയി തിരികെവന്നവരാണ് അമ്പലംകുന്ന് കൊല്ലംകോട് സ്വദേശികളായ നാലുപേരും വേളമാനൂർ സ്വദേശിയായ ഒരാളും. കഴിഞ്ഞ ദിവസം വൈകിട്ട് കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തിയവരെ ജില്ലാ ഭരണകൂടം ആംബുലൻസിൽ കൊല്ലംകോട്ടേക്ക് അയക്കുകയായിരുന്നു.
ഇവരെ താമസിപ്പിക്കുന്നതിനായി വെളിനല്ലൂർ പഞ്ചായത്തധികൃതർ വീട് വാടകയ്ക്കെടുത്ത് ക്വാറന്റൈൻ സെന്റർ ഒരുക്കിയിരുന്നു. എന്നാൽ ആംബുലൻസ് എത്തിയതോടെ ഇവരെ ഇവിടെ താമസിപ്പിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് നാട്ടുകാർ തടഞ്ഞു.
പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തിയെങ്കിലും വഴങ്ങിയില്ല. പിന്നീട് അഞ്ചുപേരെയും റോഡുവിള എൻജിനീറിംഗ് കോളജിലെ ഹോസ്റ്റലിൽ എത്തിച്ചു. എന്നാൽ ഇവിടെ മതിയായ സൗകര്യമില്ലാത്തതിനാൽ രാത്രി പത്തരയോടെ കടയ്ക്കൽ ചിങ്ങേലിയിലുള്ള സർക്കാർ ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റുകയായിരുന്നു.