ലോസ്ആഞ്ചലസ് : ബഹിരാകാശത്ത് നടന്ന ആദ്യ യു.എസ് വനിതയാണ് കേത്തി സള്ളിവൻ. 1984 ഓക്ടോബർ 11നാണ് കേത്തി ഈ നേട്ടം കൈവരിച്ചത്. അന്ന് ഭൂമിയ്ക്ക് പുറത്തുള്ള ലോകത്തെത്തിയാണ് കേത്തി റെക്കോർഡ് നേടിയതെങ്കിൽ ഇപ്പോഴിതാ അറിയപ്പെട്ടിട്ടുള്ളതിൽ വച്ച് ഭൂമിയിലെ ഏറ്റവും ആഴമേറിയ ഭാഗത്തെത്തി അടുത്ത റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് കേത്തി. അതെ, ലോകത്തെ ഏറ്റവും ആഴമേറിയ ഭാഗമായ പസഫിക് സമുദ്രത്തിലെ മരിയാന ട്രഞ്ചിലുള്ള ചാലഞ്ചർ ഡീപ്പിലെത്തുന്ന ആദ്യ വനിതയായി മാറിയിരിക്കുകയാണ് കേത്തി സള്ളിവൻ.
പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ചാലഞ്ചർ ഡീപ്പിന് ഏകദേശം 36,000 അടി ആഴമുണ്ട്. ലിമിറ്റഡ് ഫാക്ടർ എന്ന വാഹനത്തിലാണ് കേത്തി ചാലഞ്ചർ ഡീപ്പിലെത്തിയത്. 68കാരിയായ കേത്തിയ്‌ക്കൊപ്പം മുൻ അമേരിക്കൻ നേവി ഓഫീസറായിരുന്ന വിക്ടർ വെസ്കോവോ എന്ന 54 കാരനുമുണ്ടായിരുന്നു.
ചാലഞ്ചർ ഡീപ്പിലെത്തി തിരികെ സുരക്ഷിതമായി തങ്ങളുടെ പര്യവേഷണ കപ്പലായ ഡി.എസ്.എസ്.വി പ്രഷർ ഡ്രോപ്പിലെത്തിയ ഇരുവരും അന്താരാഷ്ട്ര സ്പേയ്സ് സ്റ്റേഷനിലേക്ക് വിളിച്ചാണ് തങ്ങളുടെ ചരിത്രനേട്ടത്തിന്റെ സന്തോഷം പങ്കിട്ടത്. അങ്ങനെ ബഹിരാകാശത്തിന്റെയും ആഴക്കടലിന്റെയും അനന്തത അളന്ന ആദ്യത്തെ വനിതയായി മാറിയിരിക്കുകയാണ് കേത്തി.
ചലഞ്ചർ ഡീപ്പ് സന്ദർശിക്കുന്ന എട്ടാമത്തെ വ്യക്തിയാണ് കേത്തി. ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്റെ ഉയരത്തേക്കാൾ കൂടുതലാണ് മരിയാന ട്രഞ്ചിന്റെ ആഴം. അസ്ഥി മരവിപ്പിക്കുന്ന തണുപ്പും പ്രകാശത്തിന്റെ ഒരുതരി പോലുമില്ലാത്ത കൂരാകൂരിരുട്ടും ഒപ്പം 100 ആനകൾ ഒന്നിച്ച് ചെലുത്തുന്ന പോലുള്ള ജല മർദ്ദവും നിറഞ്ഞ ചാലഞ്ചർ ഡീപ്പിൽ എത്തിപ്പെടുക എന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞ ഒന്നാണ്.
1960ൽ സ്വിസ് സമുദ്രപര്യവേഷകനായ ജാക്വസ് പിക്കാർഡും യു.എസ് നേവി ലഫ്റ്റനന്റ് ആയിരുന്ന ഡോൺ വാൽഷുമാണ് ആദ്യമായി ചാലഞ്ചർ ഡീപ്പിലെത്തിയ മനുഷ്യർ. 2012ൽ ടൈറ്റാനിക് ഉൾപ്പെടെയുള്ള വിഖ്യാത ഹോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ ജെയിംസ് കാമറൂൺ ഡീപ്പ്സീ ചാലഞ്ചർ എന്ന വാഹനത്തിൽ ചാലഞ്ചർ ഡീപ്പിലെത്തിയിരുന്നു.
നാസയുടെ ചാലഞ്ചർ സ്പെയ്സ് ഷട്ടിലിലായിരുന്നു കേത്തി ബഹിരാകാശത്ത് എത്തിയത്. 1875ൽ മരിയാന ട്രഞ്ചിലെ ചാലഞ്ചർ ഡീപ്പിന്റെ ആഴം ആദ്യമായി അളന്ന എച്ച്.എം.എസ് ചാലഞ്ചർ എന്ന റോയൽ നേവി കപ്പലിന്റെ പേരിൽ നിന്നാണ് ചാലഞ്ചർ ഡീപ്പിനും നാസയുടെ ചാലഞ്ചർ സ്പെയ്സ് ഷട്ടിലിനും ആ പേര് ലഭിച്ചത്.