sanitiser-and-soap

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്‌ ബാധിതരുടെ എണ്ണം കുതിച്ചുയരുമ്പോൾ പൊതു സ്ഥലങ്ങളിലും സ്ഥാപനങ്ങളിലുമുൾപ്പെടെ സ്വീകരിച്ചുവന്ന രോഗ പ്രതിരോധ നടപടികളും ജാഗ്രതയും കൈവിടുന്നത് ആശങ്കയ്ക്കിടയാക്കുന്നു. ലോക് ഡൗണിൽ കൂടുതൽ ഇളവുകൾ നിലവിൽ വരികയും രാജ്യമാകെ അൺലോക്ക് വൺ നടപ്പാക്കുകയും ചെയ്യുന്നതിനിടെയാണ് കൊവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിക്കുന്നതിലെ വീഴ്ച ആശങ്കയ്ക്കിടയാക്കുന്നത്.

സർക്കാർ ഓഫീസുകൾ പ്രവർത്തനസജ്ജമായ ഇന്നലെ ഓഫീസുകളിലെത്തിയ ജീവനക്കാരും പൊതുജനങ്ങളുമുൾപ്പെടെ സാമൂഹ്യ അകലം പാലിക്കുന്നതിലും മാസ്ക് ഉപയോഗിക്കുന്നതിലുമുൾപ്പെടെ വേണ്ടത്ര ജാഗ്രത കാട്ടുന്നില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിൽ വ്യക്തമായത്. പൊതുനിരത്തുകളും വ്യാപാര മേഖലയും ബസ്‌ സ്‌റ്റോപ്പുകളിലും നിയന്ത്രണങ്ങൾ അയയുന്നത്‌ ആശങ്കപരത്തുന്നുണ്ട്‌.

മാളുകളുൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം ഇന്ന് ആരംഭിച്ചിരിക്കെ സ്ഥാപനങ്ങളിലും മറ്റും സാനിറ്റെസർ ഉപയോഗം നേരെ താഴോട്ടാണ്. മാസ്‌ക്‌ മാത്രം വച്ച്‌ കോവിഡിനെ തടയാമെന്ന ധാരണയാണ്‌ പലർക്കും. മുമ്പുണ്ടായിരുന്ന കൈ കഴുകൽ കേന്ദ്രങ്ങളും ഏറെക്കുറെ നിലച്ചു.

ജനങ്ങൾ കൂടുതലെത്തുന്ന ബാങ്കുകളിലും എടിഎമ്മുകളിലും സാനിറ്റൈസർ ഉറപ്പാക്കുന്നതിൽ അധികൃതർ വീഴ്‌ച കാട്ടുകയാണ്‌. പലയിടത്തും സാമൂഹ്യ അകലവും കാറ്റിൽപ്പറക്കുന്നു. ടാക്‌സിയിലും ഓട്ടോകളിലും യാത്രക്കാർക്ക്‌ സാനിട്ടൈസർ നൽകുന്നില്ലെന്നും പരാതിയുണ്ട്‌.

ചില സർക്കാർ സ്ഥാപനങ്ങളിലും അവസ്ഥ ഇതുതന്നെ. കശുവണ്ടി ഫാക്ടറികൾ ഉൾപ്പെടെ തൊഴിലിടങ്ങളിൽ സാമൂഹ്യ അകലം പേരിനുമാത്രമാണ്‌. കൈ കഴുകൽ സൗകര്യവും പരിമിതം. തൊഴിലാളികൾ വന്നുപോകുന്നതും കൂട്ടത്തോടെയാണ്‌. തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ മേഖലകളിലും കൊവിഡ് മാർഗനിർദേശങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. ഇത്തരം കേന്ദ്രങ്ങളിൽ ആരോഗ്യ വകുപ്പും പൊലീസും ശ്രദ്ധിക്കാത്തത് ആരോഗ്യ സുരക്ഷാ നി‌ർദേശങ്ങളുടെ ലംഘനങ്ങൾ വർദ്ധിക്കാനും കാരണമാകുന്നു.

സംസ്ഥാനത്ത് സമൂഹ വ്യാപനമില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും ഉറവിടമറിയാത്ത കേസുകൾ പല സ്ഥലങ്ങളിലും വർ‌ദ്ധിക്കുന്നുണ്ട്. പൊതുഗതാഗതം ആരംഭിച്ചതോടെ റോഡിലെ തിരക്കും ക്രമാതീതമായി കൂടി. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനം കൂടി സജ്ജമായതോടെ ശ്രദ്ധിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുന്ന സാഹചര്യമാണുള്ളത്.

നിയന്ത്രണങ്ങൾ ലംഘിച്ചതിന്‌ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നിരവധിപേർക്കെതിരെ മിക്കദിവസവും ‌ കേസെടുക്കാറുണ്ടെങ്കിലും നിയമലംഘനങ്ങൾക്ക് കുറവില്ല. മരണ വീടുകളിൽ കൂട്ടംകൂടി നിൽക്കുന്നതും നാട്ടിടങ്ങളിൽ ആശങ്കപ്പെടുത്തുന്ന കാഴ്‌ചയാണ്‌.

ചന്തകളിലും റേഷൻകടകളിലും സാമൂഹ്യ അകലം പാലിക്കുന്നതേയില്ല.

മുഖംമൂടാതെ മാസ്‌ക്‌ കഴുത്തിൽ ചുറ്റി സഞ്ചരിക്കുന്നവരും നിരവധിയാണ്‌. സ്വകാര്യ വാഹനങ്ങളിൽ യാത്രക്കാർക്ക്‌ ഒരു നിയന്ത്രണവുമില്ല.

ദേശീയപാതയിലും ജില്ലാ അതിർത്തികളിലും പ്രധാന റോഡുകളിലും പൊലീസ് പരിശോധനയിലും കുറവുവന്നിട്ടുണ്ട്‌.