നെടുമങ്ങാട് /ഉള്ളൂർ:കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആനാട് സ്വദേശി അധികൃതരുടെ കണ്ണുവെട്ടിച്ച് മുങ്ങി. ബസിൽ കയറി നാട്ടിലെത്തിയ ആനാട് കുളക്കിക്കോണം സ്വദേശിയെ നാട്ടുകാർ പിടികൂടി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. പരിശോധനാഫലം നെഗറ്റീവായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കെയാണ് സംഭവമുണ്ടായതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മദ്യപാനിയായ ഇയാൾ മദ്യം കിട്ടാതായതോടെ പുറത്തേക്ക് കടന്നതെന്നാണ് പ്രാഥമിക വിവരം.നിരീക്ഷണം ലംഘിച്ചതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. ആശുപത്രിയിൽ നിന്നു പുറത്തേക്ക് കടന്ന ഇയാൾ കരകുളം വരെ എത്തി. കാൽനടയായും ടൂവീലറുകളിൽ സഹായം തേടിയുമാണ് അവിടേക്ക് എത്തിയതെന്നാണ് പൊലീസ് പ്രാഥമികനിഗമനം. വഴിയിൽ കണ്ടവരോട് ഭക്ഷണം കഴിക്കാനെന്ന പേരിൽ ബസ് ടിക്കറ്റ് എടുക്കാൻ പണം ശേഖരിച്ചു. കരകുളം ഭാഗത്ത് നിന്നു നെടുമങ്ങാട് ബസിൽ കയറി. നെടുമങ്ങാട് സ്റ്റാൻഡിൽ ഇറങ്ങിയ ശേഷം ആനാട്ടേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ കയറി. 2.45ഓടെ ആനാട് ജംഗ്ഷനിലെത്തി.
കൊവിഡ് വാർഡിൽ കഴിഞ്ഞിരുന്ന വേഷത്തിലാണ് എത്തിയത്. നാട്ടുകാർ തടഞ്ഞപ്പോൾ അമ്മയെ കാണണമെന്നായി. തുടർന്ന് ഇയാൾ റോഡരികിൽ കുത്തിയിരുന്നു. സംഭവം അറിഞ്ഞ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷും മെഡിക്കൽ ഓഫീസർ മനോജ് കുമാറും സ്ഥലത്ത് എത്തി. പിന്നാലെ ആംബുലൻസ് എത്തിച്ച് ഇയാളെ വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് ഫയർഫോഴ്‌സ് എത്തി അണുനശീകരണം നടത്തി.
കഴിഞ്ഞ മാസം 29 ന് മദ്യപാനത്തിനിടെ ഛർദ്ദിച്ച് അവശനിലയിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾക്ക് കൊവിഡ് പോസിറ്റീവായതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഐ.സി.യുവിൽ നിന്ന് നാലു ദിവസം മുമ്പ് കൊവിഡ് രോഗികളുടെ സ്‌പെഷ്യൽ വാർഡിലേക്ക് മാറ്റി. നിരീക്ഷണത്തിലിരിക്കെയാണ് മുങ്ങിയത്. നെടുമങ്ങാട് ആശുപത്രിയിൽ ഇയാളെ പരിശോധിച്ച ഡ്യൂട്ടി ഡോക്ടർ ഉൾപ്പെടെ 14 ആരോഗ്യ പ്രവർത്തകർ ഇപ്പോഴും നിരീക്ഷണത്തിലാണ്.
ഉണ്ടായത് ഗുരുതര വീഴ്ച
കൊവിഡ് ബാധിതൻ മുങ്ങിയ സംഭവം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്നാണ് ആക്ഷേപം. കൊവിഡ് രോഗികൾ കഴിയുന്ന ഐസൊലേഷൻ വാർഡിന് ശക്തമായ സുരക്ഷാക്രമീകരണം ഏർപ്പെടുത്തിയിരുന്നെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ അശ്രദ്ധയാണ് സംഭവത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. നേരത്തെയും ഇവിടെ കഴിഞ്ഞിരുന്ന രോഗികൾ വാർഡിൽ നിന്നു മുങ്ങിയിരുന്നു. അതിന് ശേഷമാണ് കൊവിഡ് ചികിത്സാ വിഭാഗം കെ.എച്ച്.ആർ.ഡബ്ലിയു.എസ് പേവാർഡ് കെട്ടിടത്തിൽ നിന്നു ആശുപത്രിക്കുള്ളിലെ മൾട്ടി സ്‌പെഷ്യലിറ്റി ബ്ലോക്കിലേക്ക് മാറ്റിയത്. രക്ഷപ്പെടാൻ ഇയാൾക്ക് ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
കൊവിഡ് ചികിത്സയിലായിരുന്നയാൾ കടന്നുകളഞ്ഞ സംഭവത്തിൽ മന്ത്രി കെ.കെ.ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം സംഭവത്തിൽ കളക്ടർ നവ്ജ്യേത് ഖോസ അടിയന്തര റിപ്പോർട്ട് തേടി. പുറത്തിറങ്ങിയ ഇദ്ദേഹം സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടത്താനും കൊവിഡ് വാർഡിൽ സുരക്ഷ കർശനമാക്കാനും കളക്‌ടർ നിർദ്ദേശം നൽകി.