indian-army

ന്യൂഡൽഹി: ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ കിഴക്കൻ ലഡാക്കിലെ ഗാൽവാനിൽ നിലയുറപ്പിച്ചിരുന്ന ചൈനീസ് സൈന്യം വൻതോതിൽ പിന്മാറുന്നു. പാൻഗോംഗ് പ്രവിശ്യയിൽ വിന്യസിച്ച ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി സൈനികരിൽ നിരവധി പേരെയും ഇപ്പോൾ ചൈനീസ് സേന തിരിച്ചുവിളിച്ചിട്ടുണ്ടെന്നാണ് വിവരം. 'ഹിന്ദുസ്ഥാൻ ടൈംസ്' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം ഇന്ത്യയും ഈ പ്രദേശത്തെ സൈനികസാന്നിദ്ധ്യം കുറച്ചിട്ടുണ്ട്.എന്നാൽ പാൻഗോംഗ് പ്രവിശ്യയിൽ ഒഴിച്ച് മറ്റ് സ്ഥലങ്ങളിൽ ചൈനീസ് സൈന്യം രണ്ട് മുതൽ മൂന്ന് കിലോമീറ്ററുകൾ വരെ പിൻവലിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

പാൻഗോംഗ് തടാകത്തിനോട് അടുത്ത് കിടക്കുന്ന പ്രദേശത്ത് ഇരു രാജ്യങ്ങളുടെയും സേനകൾ തമ്മിലുള്ള സംഘർഷം രൂക്ഷമായിരുന്നു. അടുത്തിടെ ഇന്ത്യയുടെ ലെഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗും ചൈനയുടെ മേജർ ജനറൽ ലൂ ലിന്നും തമ്മിൽ ചർച്ചകൾ നടന്നിരുന്നു.

ഈ ചർച്ചയ്ക്ക് ശേഷമാണു ഇരു രാജ്യങ്ങളും തമ്മിലെ സംഘർഷത്തിന് അയവ് വന്നതെന്നും ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. കിഴക്കൻ ലഡാക്കിലെ 'ഹോട്ട് സ്പ്രിംഗ്സി'ൽ വച്ച് അടുത്തുതന്നെ ഇരു രാജ്യങ്ങളുടെയും ഉന്നത സൈനിക മേധാവിമാർ തമ്മിൽ ചർച്ചകൾ നടക്കാനിരിക്കുന്ന വേളയിലാണ് ചൈനീസ് സൈന്യം ഇത്തരത്തിൽ ഒരു നിലപാട് സ്വീകരിക്കുന്നത്.

അതേസമയം, ഗാൽവാൻ പ്രദേശത്തെ പട്രോളിംഗ് പോയിന്റ് 14, പട്രോളിംഗ് പോയിന്റ് 15, ഹോട്ട് സ്പ്രിംഗ്സ് എന്നിവിടങ്ങളിൽ അടുത്തുതന്നെ ഇന്ത്യൻ, ചൈനീസ് സേനകൾ തമ്മിൽ ചർച്ചകൾ നടക്കാനിരിക്കുകയാണ്. ഈ ചർച്ചകൾക്ക് മുന്നോടിയായാണ് ചൈന സൈനികരെ പിന്വലിക്കുന്നതെന്നും പറയപ്പെടുന്നു.

മെയ് അഞ്ച്, ആറ് തീയതികളിൽ കിഴക്കൻ ലഡാക്കിലെ പാൻഗോംഗ് തടാകത്തിനോടടുത്ത് കിടക്കുന്ന പ്രദേശത്തുവച്ച് ചൈനയുടേയും ഇന്ത്യയുടേയും സൈനികർ തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു. ശേഷം അത് രൂക്ഷമാകുകയായിരുന്നു. 2017ൽ ഡോക്ലാമിൽ ഉണ്ടായ 72 ദിവസം നീണ്ട സംഘർഷത്തിനുശേഷം ഇതാദ്യമായാണ് ചൈനയും ഇന്ത്യയും വീണ്ടും വലിയ രീതിയിൽ കൊമ്പുക്കോർക്കുന്നത്.