ഹർജി സുപ്രീം കോടതി 12ന് പരിഗണിക്കും
ന്യൂഡൽഹി: ലോക്ക്ഡൗണിന്റെ പശ്‌ചാത്തലത്തിൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ച മോറട്ടോറിയം, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (എൻ.ബി.എഫ്.സി) നടപ്പാക്കണോയെന്നത് സംബന്ധിച്ച് വ്യക്തത തേടിക്കൊണ്ട് ക്രെഡായ് സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിക്കാനായി മാറ്റി. മാർച്ചിലാണ് റിസർവ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. മോറട്ടോറിയം കാലയളവിൽ പലിശ ഈടാക്കുന്നതിനെതിരെ സമർപ്പിച്ച ഹർജിക്കൊപ്പം ഇതും ജൂൺ 12ന് ജസ്‌റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
കഴിഞ്ഞമാസമാണ് ക്രെഡായ് സുപ്രീം കോടതിയെ സമീപിച്ചത്. പല ബാങ്കുകളും മോറട്ടോറിയം ആനുകൂല്യം ഉപഭോക്താക്കൾക്ക് നൽകുന്നില്ലെന്ന് ക്രെഡായ്ക്ക് വേണ്ടി ഹാജരായ ഹരീഷ് സാൽവേ ചൂണ്ടിക്കാട്ടി. മോറട്ടോറിയം നൽകണോയെന്ന് ബാങ്കുകൾക്ക് സ്വയം തീരുമാനിക്കാമെന്നാണ് റിസർവ് ബാങ്ക് പറയുന്നത്. ഇതുമൂലം ഒട്ടേറെ ഉപഭോക്താക്കൾ ആനുകൂല്യത്തിന് വെളിയിലാണ്. ഇക്കാര്യത്തിൽ വ്യക്തത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
റിസർവ് ബാങ്കിന്റെയും ധനമന്ത്രാലയത്തിന്റെയും നിലപാട് ഉടൻ തേടാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കോടതിയെ അറിയിച്ചു. ഒട്ടേറെ എൻ.ബി.എഫ്.സികൾ റിയൽ എസ്‌റ്രേറ്ര് സ്ഥാപനങ്ങൾക്ക് മോറട്ടോറിയം നിരസിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രെഡായ് സുപ്രീം കോടതിയെ സമീപിച്ചത്.