ratheesh-kundara-johny

മലയാള സിനിമാ ലോകത്ത് ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന നായകനടനായിരുന്നു രതീഷ്. 2002 ഡിസംബറിലായിരുന്നു രതീഷിന്റെ മരണം. എന്നാൽ പെട്ടെന്നൊന്നും മരിക്കേണ്ടിയിരുന്ന ആളായിരുന്നില്ല രതീഷ് എന്ന് പറയുകയാണ് സുഹൃത്തും നടനുമായ കുണ്ടറ ജോണി. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ജോണിയുടെ വെളിപ്പെടുത്തൽ.

'രതീഷിന് സിനിമയിൽ ലൈഫ് കൊടുത്തത് ശശിയേട്ടനാണ് (ഐ.വി ശശി). തുഷാരത്തിൽ ജയന് വച്ചിരുന്ന വേഷമാണ് അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് രതീഷിലേക്ക് വന്നത്. പിന്നീട് തിരക്കുള്ള നടനായി മാറുകയായിരുന്നു രതീഷ്. പെട്ടെന്നുള്ള മരണം അയാൾ ശ്രദ്ധിക്കാതിരുന്നതുകൊണ്ടാണ്. കാരണം ക്രോണിക് ഡയബറ്റിക് ആയിരുന്നു രതീഷ്. എന്നാൽ ആരോഗ്യം ശ്രദ്ധിക്കില്ലായിരുന്നു. ഇഷ്‌ടപ്പെട്ട ഭക്ഷണം എന്തും കഴിക്കും. ഒരിക്കൽ ബിജു മേനോന്റെ കല്യാണത്തിന് തൃശ്ശൂർക്ക് പോയിട്ട് ഞാനും രതീഷും കൂടെയാണ് തിരിച്ചുവന്നത്. ചാലക്കുടി വന്നപ്പോൾ റോഡ് സൈഡിൽ ഫ്രൂട്ട്സ് വിൽക്കുന്ന കടയിൽ നിന്ന് രണ്ട് കിലോ മുന്തിരങ്ങയും മറ്റുമൊക്കെ വാങ്ങി കഴിക്കാൻ തുടങ്ങി. ടാ നിനക്ക് ഷുഗർ ഇല്ലേ എന്ന് ചോദിച്ചപ്പോൾ, 'ഓ ഷുഗർ. എന്തായാലും മരിക്കും. അതുവരെ നമുക്ക് ഇഷ്‌ടമുള്ളത് കഴിക്കണം' എന്നായിരുന്നു രതീഷിന്റെ മറുപടി.

മറ്റൊരു അവസരത്തിൽ ഒരു സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകുന്ന വഴിക്ക് മൂന്ന് കിലോ പോർക്ക് ആണ് വാങ്ങി അകത്താക്കിയത്. ശരീരം നോക്കുന്ന പരിപാടിയേ ഉണ്ടായിരുന്നില്ല രതീഷിന്. അതിൽ പറ്റിയതാണ്. ഇത്രപെട്ടെന്ന് പോകേണ്ടതായിരുന്നില്ല'-ജോണിയുടെ വാക്കുകൾ.