ഗുവാഹത്തി: അസാമിൽ ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ പ്രകൃതി വാതക ഉത്പാദക കേന്ദ്രത്തിൽ വൻ തീപിടിത്തം. അസാമിലെ ടിൻസൂകിയ ജില്ലയിലെ എണ്ണക്കിണറിലാണ് തീപിടിത്തമുണ്ടായത്. ഇവിടെ കഴിഞ്ഞ 14 ദിവസമായി വാതകച്ചോർച്ചയുണ്ടായിരുന്നതായാണ് റിപ്പോർട്ട്. തീയണയ്ക്കാനായി അസാം സർക്കാർ ഇന്ത്യൻ വ്യോമസേനയുടെയും സൈന്യത്തിന്റെയും സഹായം ആവശ്യപ്പെട്ടു. വാതകച്ചോർച്ച ആരംഭിച്ചപ്പോൾ തന്നെ ദേശീയ ദുരന്തനിവാരണസേനയും സിംഗപ്പൂരിൽ നിന്നുള്ള വിദഗ്ദ്ധ സംഘവും സ്ഥലത്തെത്തിയിരുന്നു. ഇതിനിടെയാണ് തീപിടിത്തമുണ്ടായത്. തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ സമീപവാസികൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. വാതകച്ചോർച്ചയെത്തുടർന്ന് ഒന്നരക്കിലോമീറ്റർ ചുറ്റളവിലുള്ള 6000ഓളംപേരെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഓയിൽ ഇന്ത്യ ലിമിറ്റഡ് ദുരിതബാധിത കുടുംബങ്ങൾക്ക് 30,000 രൂപ വീതം സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു.