ന്യൂഡൽഹി: ലോകത്തെ ഏറ്രവും വലിയ സൗരോർജ പ്ളാന്റ് പദ്ധതി സ്ഥാപിക്കാനുള്ള ടെൻഡർ 600 കോടി ഡോളറിന് (ഏകദേശം 45,000 കോടി രൂപ) അദാനി ഗ്രൂപ്പിന് കീഴിലെ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് സ്വന്തമാക്കി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സോളാർ എനർജി കോർപ്പറേഷൻ ഒഫ് ഇന്ത്യയാണ് ടെൻഡർ വിളിച്ചത്. 8,000 മെഗാവാട്ട്സിന്റെ ഫോട്ടോവോൾട്ടായിക് പ്ളാന്റും 2,000 മെഗാവാട്ട്‌സിന്റെ ആഭ്യന്തര സോളാർ പാനൽ നിർമ്മാണ സംരംഭവുമാണ് അദാനി ഒരുക്കുക.
രാജസ്ഥാനിലും ഗുജറാത്തിലുമായാണ് അദാനി സോളാർ സംരംഭങ്ങൾ സജ്ജമാക്കുക. രാജസ്ഥാനിലെ ജയ്‌സാൽമേർ, ബിക്കാനീർ, ജോധ്‌പൂർ, ബാർമീർ എന്നിവിടങ്ങളിലായി പ്ളാന്റ് ഒരുക്കാനുള്ള പ്രൊപ്പോസൽ സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ഗുജറാത്തിൽ പദ്ധതി നടപ്പാക്കുക കച്ചിൽ ആയിരിക്കും. നിലവിൽ ആഭ്യന്തരമായി 3,300 മെഗാവാട്ട്‌സ് സോളാർ സെൽ നിർമ്മിക്കാനുള്ള ശേഷിയാണ് ഇന്ത്യയ്ക്കുള്ളത്. സോളാർ മൊഡ്യൂൾ നിർമ്മാണശേഷി 8,000 മെഗാവാട്ട്‌സും.