emi

ന്യൂഡൽഹി: ലോക്ക്ഡൗണിലും തുടർന്ന് ഇളവ് വന്നശേഷവും ഉപഭോക്താക്കൾ ഇ.എം.ഐ ഷോപ്പിംഗിനോട് കൂടുതൽ താത്പര്യം കാട്ടുന്നതായി കണക്ക്. ചെറിയ തുകയുടെ പർച്ചേസിംഗിന് പോലും ഇ.എം.ഐ സൗകര്യം ഉപഭോക്താക്കൾ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് റീട്ടെയിൽ കച്ചവടക്കാരും ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളും ബാങ്കുകളും ചൂട്ടിക്കാട്ടുന്നു.

സ്മാർട്ഫോണുകൾ, മിക്‌സി, അടുക്കള ഉപകരണങ്ങൾ, സ്‌പീക്കർ, ഹെഡ്‌ഫോണുകൾ, ഷൂസ്, ഗൃഹോപകരണങ്ങൾ, വിവിധ ബിൽ പേമെന്റുകൾ എന്നിവയ്ക്കാണ് ഇ.എം.ഐ സൗകര്യം കൂടുതലായും ഉപഭോക്താക്കൾ പ്രയോജനപ്പെടുത്തുന്നത്. കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച സാമ്പത്തിക ഞെരുക്കമാണ് ഇ.എം.ഐയെ ആശ്രയിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. കൊവിഡ് കാലത്ത് ക്രെഡിറ്ര് കാർഡ് ഫിനാൻസിംഗിൽ 40 ശതമാനം വരെ വളർച്ച ഉണ്ടായെന്നാണ് വിലയിരുത്തൽ.

കൂടിയ കാലാവധിയുള്ള ഇ.എം.ഐകൾക്കും പ്രിയമേറെയാണെന്ന് ടാറ്റാ ഗ്രൂപ്പിന്റെ കീഴിലെ ഇലക്‌ട്രോണിക്‌സ് ശൃംഖലയായ ക്രോമയുടെ ചീഫ് മാർക്കറ്രിംഗ് ഓഫീസ‌ർ റിതേഷ് ഘോഷൽ പറഞ്ഞു. കൊവിഡ് വ്യാപനം ശക്തമാകുന്നതിന് തൊട്ടുമുമ്പുള്ള ദിനങ്ങളിലായി ക്രോമയിൽ ക്രെഡിറ്ര് കാർഡ് അധിഷ്‌ഠിത ബിസിനസുകളുടെ വിഹിതം 70 ശതമാനമായിരുന്നു. മൊത്തം കാർഡ് പേമെന്റിൽ 80 ശതമാനവും ക്രെഡിറ്ര് കാർഡ് അധിഷ്‌ഠിതമാണെന്ന് റീട്ടെയിൽ സ്ഥാപനമായ വിജയ് സെയിൽസിന്റെ ഡയറക്‌ടർ നീലേഷ് ഗുപ്‌ത പറഞ്ഞു. നേരത്തേ ഇത് 60 ശതമാനമായിരുന്നു.

ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളായ ആമസോണും ഫ്ളിപ്‌കാർട്ടും ഇ.എം.ഐ പർച്ചേസിൽ വർദ്ധന ഉണ്ടായെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞമാസം ആമസോൺ, ആമസോൺ പേ എന്ന സംരംഭം ആരംഭിച്ചിരുന്നു. ആരംഭനാളുകളെ അപേക്ഷിച്ച്, ഇപ്പോൾ ഇടപാടുകളിൽ ആറിരട്ടിവരെ വർദ്ധനയുണ്ടെന്ന് ആമസോൺ പേ വ്യക്തമാക്കി.