anju

കാഞ്ഞിരപ്പള്ളി : എനിക്കെന്റെ മോളെ കാണണം! അമ്മ സജിതയുടെ നിലവിളിയിൽ പൊടിമറ്റം ഗ്രാമം ഒന്നാകെ കണ്ണീർക്കടലായി. മൂന്നുദിവസം മുമ്പ് മുത്തം നൽകി പരീക്ഷ എഴുതാൻപോയ പൊന്നുമകളുടെ ചേതനയറ്റ ശരീരം വീട്ടുപടിക്കലെത്തിയപ്പോൾ അലമുറയിട്ട സജിത ഒരുനാടിന്റെയാകെ നൊമ്പരക്കാഴ്ചയായി.

അഞ്ജുവിന്റെ മൃതദേഹവുമായി ആംബുലൻസ് ആദ്യമെത്തിയത് പൊടിമറ്റം ജംഗ്ഷനിലെ ജനസഞ്ചയത്തിന് നടുവിലായിരുന്നു. അവിടെ പ്രതിഷേധക്കാരും പൊലീസുമൊക്കെയായി തർക്കം നീണ്ടതോടെ മൃതദേഹം വീട്ടിലെത്തിക്കുന്നത് വൈകി. കുഞ്ഞേച്ചിയെ വീട്ടിലെത്തിക്കണമെന്ന് പറഞ്ഞ് അഞ്ജുവിന്റെ കൊച്ചനുജൻ ജാതദേവൻ തേങ്ങിക്കരഞ്ഞപ്പോൾ ഒത്തുതീർപ്പുചർച്ചയ്ക്കിടെ പി.സി.ജോർജ് എം.എൽഎയുടെ വാക്കുകളും ഇടറി. പിന്നെ വൈകിയില്ല, അഞ്ജുവിന്റെ മൃതദേഹം വീട്ടുമുറ്റത്തെത്തി. മൂന്നുദിവസമായി തളർന്നുകിടക്കുന്ന സജിതയെ ബന്ധുക്കൾ താങ്ങിയെടുത്താണ് മകളുടെ മൃതദേഹത്തിനരികെ എത്തിച്ചത്. തേങ്ങലുകൾക്കിടെ അവർ ബോധരഹിതയായി. വിതുമ്പിക്കരഞ്ഞ് വിറയ്ക്കുന്ന കൈകളോടെ ജാതവേദൻ കുഞ്ഞേച്ചിയുടെ ചിതയ്ക്ക് തീകൊളുത്തുമ്പോൾ നിയന്ത്രണങ്ങൾ വകവയ്ക്കാതെ ഒഴുകിയെത്തിയ ജനസഞ്ചയം കണ്ണീർപ്രണാമങ്ങളർപ്പിച്ചു.