കൊച്ചി: സ്വകാര്യ ബസ്സുകൾക്ക് അധിക നിരക്ക് ഈടാക്കാമെന്ന് കേരള ഹൈക്കോടതി. കൂട്ടിയ ബസ് ചാര്‍ജ് കുറച്ച സർക്കാർ നടപടി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തിട്ടുമുണ്ട്. സ്വകാര്യ ബസുടമകൾ നൽകിയ ഹർജിയിലാണ് കോടതി നടപടി സ്വീകരിച്ചത്. ഹൈക്കോടതി ഇടപെടലിന്റെ സാഹചര്യത്തിൽ സ്വകാര്യ ബസ്സുകൾക്കും കെ.എസ്.ആർ.ടി.സി ബസുകൾക്കും അധിക നിരക്ക് തത്കാലത്തേക്ക് ഈടാക്കാൻ സാധിക്കും.
ലോക്ക്ഡൗൺ കാലാവധി അവസാനിക്കുന്നത് വരെ ബസുടമകൾക്ക് കൂടിയ നിരക്ക് ഈടാക്കുകയും ചെയ്യാം. എന്നാൽ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കിയിട്ടില്ല. ഉത്തരവിന് താല്‍ക്കാലിക സ്‌റ്റേ മാത്രമാണ് കോടതി നൽകിയത്. കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായും അടുത്ത ദിവസം മുതല്‍ സര്‍വീസ് നടത്തുമെന്നും സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെ ബസ്സില്‍ യാത്രക്കാരെ കൊണ്ടുപോവണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ബസ് ടിക്കറ്റ് നിരക്ക് സംബന്ധിച്ച പുതിയ റിപ്പോർട്ട് നാലാഴ്ചയ്ക്കകം ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ലോക്ക്ഡൗൺ/കൊവിഡ് സാഹചര്യത്തിൽ വൻ സാമ്പത്തിക നഷ്ടം നേരിടുന്നുവെന്ന് കാണിച്ചാണ് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം ഹൈക്കോടതിയെ സമീപിച്ചത്. എല്ലാ യാത്രക്കാര്‍ക്കും അനുമതി നല്‍കിയ സാഹചര്യത്തില്‍ ബസ് ചാര്‍ജ് കൂട്ടേണ്ട സാഹചര്യമില്ലെന്നും ഉത്തരവിന്റെ വിശദാംശങ്ങള്‍ അറിഞ്ഞതിനുശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.