തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ രണ്ടര മാസത്തിലേറെയായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി വരാറുള്ള പ്രതിദിന വാർത്താസമ്മേളനങ്ങൾ കുറയ്ക്കുന്നു. ഇടവിട്ടുള്ള ദിവസങ്ങളിൽ നടത്തിയേക്കാം. മന്ത്രിസഭായോഗം നടക്കുന്ന ഇന്ന് വാർത്താസമ്മേളനത്തിന് സാദ്ധ്യതയുണ്ട്.
കൊവിഡ് ഭീതി നേരത്തേ ഏതാണ്ട് നിയന്ത്രണവിധേയമായ ഘട്ടത്തിൽ മുഖ്യമന്ത്രി പതിവ് വാർത്താസമ്മേളനം ഉപേക്ഷിക്കാൻ തീരുമാനിച്ചതാണെങ്കിലും, പ്രതിപക്ഷമുൾപ്പെടെ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. .സ്പ്രിൻക്ലർ ഡേറ്റാ വിവാദം കത്തിനിന്ന സന്ദർഭമായതിനാൽ, മുഖ്യമന്ത്രി ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്നുവെന്നായിരുന്നു ആരോപണം. വാർത്താസമ്മേളനം പതിവായി ശ്രദ്ധിക്കുന്നവരുടെ അഭ്യർത്ഥനകളും മാനിച്ചാണ് അത് തുടർന്നത്. ജൂലായ് പകുതി വരെ രോഗവ്യാപനത്തോത് കൂടുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ, രോഗികളുടെ കണക്ക് പ്രഖ്യാപിക്കാൻ മാത്രമായി വാർത്താസമ്മേളനങ്ങൾ നടത്തേണ്ടതില്ലെന്ന ആലോചനയും തീരുമാനത്തിന് പിന്നിലുണ്ട്.