jayamohan-thampi

തിരുവനന്തപുരം: മുൻ രഞ്ജി താരം കെ. ജയമോഹൻ തമ്പിയുടെ മരണം കൊലപാതകമെന്ന് സംശയം. മകൻ അശ്വിനെ പൊലീസ് അറസ്‌റ്റു ചെയ്‌തു. ജയമോഹൻ തമ്പിയെ അശ്വിൻ തള്ളിയിട്ടെന്നാണ് പൊലീസ് ഭാഷ്യം. തിങ്കളാഴ്‌ചയാണ് ജയമോഹൻ തമ്പിയെ മണക്കാട്ടെ വീടിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. നെറ്റിയിലെ ആഴമുളള മുറിവാണ് മരണകാരണമായത്.

തമ്പിയുടെ വീടിനു മുകളിൽ താമസിക്കുന്നവർ ദുർഗന്ധത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. എ.ടി.എം കാർഡ് തട്ടിയെടുത്ത ശേഷം അച്ഛനെ മകൻ അടിച്ചുവീഴ്‌ത്തി. അച്ഛൻ വീണുകിടന്ന ശേഷവും മകൻ മദ്യപിച്ചു എന്നും സൂചനയുണ്ട്. മദ്യപിക്കാൻ ഇവർക്കൊപ്പമുണ്ടായിരുന്ന അയൽവാസിയെയും പൊലീസ് കസ്‌‌റ്റഡിയിലെടുത്തിട്ടുണ്ട്.

64കാരനായ ജയമോഹൻ തമ്പി ആലപ്പുഴ സ്വദേശിയാണ്‌. 1982-84 കാലഘട്ടത്തിൽ കേരളത്തിനായി ആറ് രഞ്ജി ട്രോഫി മത്സരങ്ങൾ കളിച്ചിട്ടുണ്ട്.