indian-army

ബീജിംഗ്: ലോകത്തിലെ ഏറ്റവും അനുഭവപരിചയമുള്ള, വലിപ്പമുള്ള 'മൗണ്ടൻ ആർമി'യുള്ളത് ഇന്ത്യയ്ക്കെന്ന അഭിപ്രായവുമായി ചൈനീസ് സേനാ വിദഗ്ദനും മാദ്ധ്യമപ്രവർത്തകനുമായ ഹുവാങ് ഗൗഷി. സമുദ്രനിരപ്പിൽ നിന്നും ഉയർന്നുനിൽക്കുന്ന പ്രദേശങ്ങളിൽ(ഹൈ ആൾട്ടിറ്റിട്യൂഡ്) ഇന്ത്യൻ സൈന്യം ലോകത്തുള്ള എല്ലാ രാജ്യങ്ങളേക്കാളുമുപരി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും 'മലകയറ്റം'(മൗണ്ടനീറിംഗ്) എന്നത് ഓരോ പർവതപ്രദേശങ്ങളിൽ നിയോഗിക്കപ്പെടുന്ന ഓരോ ഇന്ത്യൻ സൈനികനുമുള്ള വൈദഗ്ദ്യമാണെന്നും ഗൗഷി പറയുന്നു.

12 ഡിവിഷനുകളിലായുള്ള ഇന്ത്യയുടെ രണ്ട് ലക്ഷം 'പർവത സൈനികർ' ലോകത്തിലെ തന്നെ ഏറ്റവും ശക്തരായ സൈനിക വിഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പർവത പ്രദേശങ്ങളിൽ പോരാടാൻ ഇന്ത്യയുടെ കൈയിൽ മികച്ച പടക്കോപ്പുകളുണ്ടെന്നും 1970 മുതൽ ഇന്ത്യയുടെ ഹൈ ആൾട്ടിറ്റിട്യൂഡ് സേനാവിഭാഗം കാര്യമായ മികവ് പുലർത്തുന്നുണ്ടെന്നും അദ്ദേഹംപറയുന്നു.

റഷ്യയ്‌ക്കോ,അമേരിക്കയ്‌ക്കോ, യൂറോപ്യൻ രാജ്യങ്ങൾക്കോ ഇത്രയും കരുത്തരായ ഒരു സേനാനിരയില്ലെന്നും അദ്ദേഹം 'മോഡേൺ വെപ്പൺറി' എന്ന താൻ സീനിയർ എഡിറ്ററായിട്ടുള്ള മാസികയിലൂടെ പറയുന്നു. ചൈനീസ് സർക്കാരിന് കീഴിലുള്ള ചൈനാ നോർത്ത് ഇൻഡസ്ട്രീസ് ഗ്രൂപ്പ് കോർപറേഷൻ ലിമിറ്റഡുമായി(നോറിൻകോ) മാസിക അടുത്ത ബന്ധം പുലർത്തുന്നു.

ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങൾക്ക് പിന്നിലും പ്രവർത്തിക്കുന്നത് 'നോറിൻകോ' ആണ്. സാധാരണ ചൈനീസ് ദേശീയത അടിസ്ഥാനമാക്കിയ വിവരങ്ങൾ പ്രചരിപ്പിക്കുന്ന മാസിക ഇങ്ങനെയൊരു നിലപാട് സാധാരണ സ്വീകരിക്കാറില്ല. കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും സംഘർഷത്തിലായിരിക്കുന്ന വേളയിലാണ് ഹുവാങ് ഗൗഷി ഈ അഭിപ്രായം പറയുന്നതെന്നത് ശ്രദ്ധേയമാണ്.