കൊച്ചി: പൊതുജനത്തിന് ഇരുട്ടടിയായി എണ്ണക്കമ്പനികൾ തുടർച്ചയായ നാലാംദിനവും പെട്രോൾ, ഡീസൽ വില കൂട്ടി. തിരുവനന്തപുരത്ത് ഇന്നലെ പെട്രോളിന് ലിറ്ററിന് 40 പൈസ വർദ്ധിച്ച് 75.12 രൂപയായി. ഡീസലിന് 42 പൈസ ഉയർന്ന് 69.28 രൂപയായി. നാലുദിവസത്തിനിടെ പെട്രോളിന് 2.13 രൂപയും ഡീസലിന് 2.09 രൂപയുമാണ് കൂടിയത്.
ലോക്ക് ഡൗൺ ഇളവിൽ നിരത്തുകൾ സജീവമായതും ക്രൂഡോയിൽ വില ഉയരുന്നതും പരിഗണിച്ചാണ് എണ്ണക്കമ്പനികൾ വില കൂട്ടുന്നത്. ബ്രെന്റ് ക്രൂഡിന്റെ വില കുറഞ്ഞപ്പോൾ കേന്ദ്രം പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും എക്‌സൈസ് നികുതി കൂട്ടിയതിനാലാണ് വിലയിളവിന്റെ നേട്ടം ഉപഭോക്താക്കൾക്ക് കിട്ടാതെ പോയത്. ഈ നികുതി ബാദ്ധ്യത എണ്ണക്കമ്പനികളാണ് വഹിക്കുന്നത്.വരും ദിനങ്ങളിൽ പെട്രോളിനും ഡീസലിനും 5 രൂപവരെ കൂടിയേക്കാം.