mob

പൂനെ:- രാജ്യത്തെ വീണ്ടും ഞെട്ടിച്ച് ഒരു ദുരഭിമാന കൊല കൂടി. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്വാഡ് സ്വദേശി വിരാജ് വിലാസ് ജഗ്താപ് എന്ന 20 വയസ്സുകാരനാണ് ദാരുണമായ അന്ത്യമുണ്ടായത്. ബൈക്കിൽ പോകുകയായിരുന്ന വിരാജിനെ പിന്നാലെ ടെമ്പോയിലെത്തിയ കാമുകിയുടെ കുടുംബക്കാരായ ആറുപേർ ഇടിച്ചിട്ടു. നിലത്ത് പരുക്കേറ്റ് കിടന്ന വിരാജിനെ കല്ലുകൊണ്ടും ഇരുമ്പ് വടികൊണ്ടും മർദ്ദിച്ച് അവശരാക്കിയ സംഘം കടന്നുകളഞ്ഞു.

പിന്നീട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിരാജ് മരണപ്പെടുന്നതിന് മുൻപ് കുടുംബാംഗങ്ങളോട് സംഭവം മുഴുവനും പറഞ്ഞിരുന്നു. വിരാജിനെ ആക്രമിച്ച ആറുപേരെയും പിംപ്രി ചിഞ്ച്വാഡ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂട്ടത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ ചിൽഡ്രൻസ് റിമാന്റ്ഹോമിലേക്ക് മാറ്രി. കൊലപാതകം, അനാവശ്യമായി കൂട്ടംകൂടൽ, ആയുധമുപയോഗിച്ച് കുഴപ്പമുണ്ടാക്കൽ മുതലായി വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തു.

പ്രതികൾ വിരാജിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി അപമാനിക്കുകയും തുടർന്ന് തിരികെ മടങ്ങുകയായിരുന്ന ഇയാളെ ആക്രമിക്കുകയുമായിരുന്നു എന്ന് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതികളെയെല്ലാം ഏഴ് ദിവസത്തേക്ക് റിമാന്റ് ചെയ്തു.