 
നിലപാട് തുറന്നുപറയാൻ മടിയില്ലാത്ത, ചെയ്ത കഥാപാത്രങ്ങൾക്കെല്ലാം  നിറഞ്ഞ കൈയ്യടി വാങ്ങിയ നടിയാണ് നിത്യ മേനോൻ. 
ലോക് ഡൗൺ കഴിഞ്ഞ് റിലീസിനൊരുങ്ങുന്ന കോളാമ്പിയുടെ വിശേഷങ്ങളും,ചിത്രീകരണം ആരംഭിക്കാൻപോവുന്ന ആറാം തിരുകൽപന എന്ന ചിത്രത്തിന്റെവിശേഷങ്ങളും  നിത്യാമേനോൻ പങ്കുവയ്ക്കുന്നു.......
കോളാമ്പിയാണല്ലോ പുതിയ സിനിമ, എന്തൊക്കെയാണ് പ്രതീക്ഷകൾ?
സിനിമ ചെയ്യുമ്പോൾ ഞാൻ സാധാരണ പ്രതീക്ഷകളൊന്നും വയ്ക്കാറില്ല. ഷൂട്ട് ചെയ്യുമ്പോൾ ലഭിക്കുന്ന അനുഭവമാണ് പ്രധാനമായി കരുതുന്നത്. അതിനുവേണ്ടിയാണ് സിനിമ ചെയ്യുന്നത് തന്നെ. കോളാമ്പി വളരെ മനോഹരമായൊരു സിനിമയാണ്. ഞാൻ ഇതുവരെ ചെയ്തതിൽ ഏറ്റവും നല്ല അനുഭവമായിരുന്നു കോളാമ്പി എന്ന് നിസംശയം പറയാം. ടി.കെ. രാജീവ് കുമാർ സാറിനൊപ്പം മുമ്പും സിനിമ ചെയ്തിട്ടുണ്ട്. 
നിത്യയുടെ കാഴ്ചപ്പാടിൽ നല്ല സിനിമയ്ക്ക് വേണ്ട ഗുണങ്ങൾ എന്തൊക്കെയാണ്?
ശരിക്കു പറഞ്ഞാൽ കോളാമ്പി ആ വിഭാഗത്തിൽപ്പെടുന്നൊരു സിനിമയാണ്. എനിക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണത് ഒരുക്കിയിരിക്കുന്നത്. ഏത് സംവിധായകനായാലും സത്യസന്ധമായി ഒരു കഥ പറഞ്ഞാൽ അത് നല്ല സിനിമയായി മാറും. അവിടെ സിനിമയുടെ ബഡ്ജറ്റോ ആരൊക്കെയാണ് അഭിനയിച്ചിരിക്കുന്നതെന്നതോ ഒന്നും പ്രശ്നമാകില്ല.
ഒരുപാട് മത്സരമുള്ള മേഖലയാണ് സിനിമ. അവിടെ ഇത്തരം ഒരു മനസുമായി മുന്നോട്ടു പോകാനാകുമോ?
ആദ്യ സിനിമ മുതൽ ഇന്ന് വരെ ഞാൻ ആരോടും മത്സരിക്കുന്നതായി തോന്നിയിട്ടില്ല. അങ്ങനെ നോക്കിയാൽ ജീവിതം മുഴുവൻ ഒരു മത്സരരംഗമായി കാണേണ്ടി വരും. അതിലും നല്ലത് ചെയ്യുന്ന ജോലി ആസ്വദിക്കാൻ ശ്രമിക്കുന്നതല്ലേ. സിനിമയിൽ മാത്രമല്ല മറ്റേത് ജോലിയിലായാലും ഒരു ബ്രേക്ക് എടുത്തതിന് ശേഷം മടങ്ങിവരുന്നത് പ്രയാസമാണ്. സിനിമയായതു കൊണ്ട് എന്നും ജോലി ചെയ്തുകൊണ്ടിരിക്കണമെന്ന് പറയുന്നത് ശരിയല്ല. സിനിമ ചെയ്യുന്നതും വെറുതേ വീട്ടിലിരിക്കുന്നതും ഒരുപോലെ ഇഷ്ടമാണ്.
നായികാപ്രാധാന്യമുള്ള സിനിമകളാണോ തിരഞ്ഞെടുക്കുന്നത്?
അങ്ങനെയല്ല. ഇപ്പോൾ കോളാമ്പി തന്നെ എന്റെ കഥാപാത്രത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള സിനിമയല്ല. അതൊരു കഥയാണ്. എന്റേതൊരു കഥാപാത്രം മാത്രം.
സിനിമയുടെ വിവിധ മേഖലകളെ കുറിച്ച് ശ്രദ്ധിക്കുന്ന ഒരാളെന്ന നിലയിൽ സംവിധായികയാവാൻ എന്തെങ്കിലും സാദ്ധ്യതയുണ്ടോ?
ഭാവിയിൽ ചിലപ്പോൾ നടന്നേക്കാം.ഞാനൊരു പ്രകൃതി സ്നേഹിയാണ്. മരങ്ങളും പശുക്കളുമൊക്കെ നിറഞ്ഞ ഒരു ഫാമാണ് എന്റെ സ്വപ്നം. അത് യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴേ തുടങ്ങിയിട്ടുണ്ട്.
കഥാപാത്രത്തിനായി തയ്യാറെടുപ്പുകൾ നടത്താറുണ്ടോ?
ഒരു ഷോട്ടിൽ ഇങ്ങനെ അഭിനയിക്കാമെന്ന് മുൻകൂട്ടി തീരുമാനിക്കാൻ കഴിയാറില്ല. ഒരു നിമിഷത്തിൽ സംഭവിക്കുന്ന അദ്ഭുതമാണ് എനിക്ക് അഭിനയം. അതുകൊണ്ട് അതിന്റെ ക്രെഡിറ്റും എടുക്കാനാവില്ല. പിന്നെ പുതിയ ഭാഷകൾ പഠിക്കാനും സംസാരിക്കാനും ഇഷ്ടമാണ്. എല്ലാ ഭാഷയിലും സ്വന്തം ശബ്ദത്തിലാണ് ഡബ്ബ് ചെയ്യുന്നത്. ഓരോ ഭാഷയിലെ സെറ്റിലും അതേ ഭാഷയിൽ തന്നെ സംസാരിക്കാൻ ശ്രമിക്കാറുണ്ട്. ആളുകളോട് അവരുടെ സ്വന്തം ഭാഷയിൽ സംസാരിക്കാൻ ഇഷ്ടമാണെനിക്ക്.
നല്ലൊരു പാട്ടുകാരി കൂടിയാണ്. ഇപ്പോൾ അതിൽ ശ്രദ്ധിക്കുന്നില്ലേ?
പാടാനുള്ള അവസരം ലഭിച്ചാൽ പാടും. അതൊരു കരിയറായി എടുത്തിട്ടില്ല. പക്ഷേ, ഭാവിയിൽ എനിക്കിഷ്ടപ്പെട്ട ചില സംഗീതജ്ഞരുടെ ഒപ്പം സഹകരിച്ച് എന്തെങ്കിലും പരീക്ഷണങ്ങൾ നടത്തണമെന്നുണ്ട്.
പണ്ട് നിത്യയുമായി സംസാരിക്കാൻ എളുപ്പമായിരുന്നില്ല. ഇപ്പോൾ അങ്ങനെയല്ല?
സിനിമ പോലൊരു രംഗത്ത് എപ്പോഴും മറ്റുള്ളവരെ പ്രീതിപ്പെടുത്തുന്ന രീതിയിൽ പെരുമാറണം. എല്ലാവരും അംഗീകരിച്ച ഒരു ശൈലി തന്നെ നമ്മളും പിന്തുടരേണ്ടി വരും. അത് എന്റെ സ്വഭാവത്തിലുള്ള കാര്യമല്ല. ഞാൻ നാച്വറലായി പെരുമാറുന്നയാളാണ്. എന്റെ അഭിനയം സ്വാഭാവികമാകണമെങ്കിൽ സ്വഭാവവും അങ്ങനെയായിരിക്കണം. അതൊരു പാക്കേജാണ്. ഇത് പറയുമ്പോൾ എല്ലാവർക്കും മനസിലാകണമെന്നില്ല. മനസിലാകാത്ത ഒരു കാര്യത്തെ കുറിച്ചുള്ള ആളുകളുടെ അഭിപ്രായം നെഗറ്റീവായിരിക്കും. അതാവും എന്നെ കുറിച്ച് തെറ്റിദ്ധാരണയുണ്ടാവാൻ കാരണം. ഇപ്പോഴത് മാറിവരുന്നെങ്കിൽ നല്ലത്.
സിനിമകളുടെ പൊളിറ്റിക്കൽ കറക് ട്നെസ് കുറിച്ച് ചില സംവാദങ്ങൾ നടക്കുന്നുണ്ട്?
സിനിമ ഒരു കലാരൂപമാണെന്ന കാര്യം അംഗീകരിക്കുന്നു. പക്ഷേ, മനുഷ്യരുടെ സെൻസിബിലിറ്റിയെ ചോദ്യം ചെയ്യുന്ന കാര്യങ്ങൾ സിനിമയിൽ നിന്ന് ഒഴിവാക്കണം. എല്ലാ വിഭാഗം മനുഷ്യർക്കും അടിസ്ഥാനപരമായ ബഹുമാനം കൊടുക്കണം. വിയോജിപ്പുള്ള ഡയലോഗുകൾ പറയാതിരിക്കാൻ ശ്രമിക്കാറുണ്ട്. 
ബോളിവുഡ് അരങ്ങേറ്റം നടത്തിയല്ലോ?
ആമസോണിനു വേണ്ടി ഒരു വെബ് സിരീസിൽ അഭിനയിച്ചു. അതിന് ശേഷമാണ് മിഷൻ മംഗൾ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. അക്ഷയ് കുമാർ, വിദ്യാ ബാലൻ, തപ ്സി തുടങ്ങി നിരവധി താരങ്ങളുണ്ട്. ബോളിവുഡ് എനിക്ക് ഇഷ്ടമായി. വളരെ പ്രൊഫഷണലായുള്ള സ്ഥലമാണ്. തുറന്ന മനസുള്ള ആളുകൾ. ഈഗോ കുറവാണ്. എനിക്ക് ഇണങ്ങുന്ന അന്തരീക്ഷമാണ്.
ഫിറ്റ്നസ് ശ്രദ്ധിക്കാറില്ലേ?
സിനിമയിൽ പെർഫോമൻസാണ് ഒന്നാമത്തെ കാര്യം. ശരീരസൗന്ദര്യത്തിന് അതുകഴിഞ്ഞേ സ്ഥാനമുള്ളൂ. അതുകൊണ്ട് പൊക്കത്തെയും തടിയെയും കുറിച്ചുള്ള നെഗറ്റീവ് കമന്റുകൾ എന്നെ ബാധിക്കാറില്ല. അഭിനയത്തെ കുറിച്ച് ചിന്തിക്കുമെന്നല്ലാതെ പട്ടിണി കിടക്കാനും ജിമ്മിൽ പോകാനുമൊന്നും പറ്റില്ല.
ഒറ്റയ്ക്കിരിക്കാനാണോ ഇഷ്ടം?
അങ്ങനെ ഒറ്റയ്ക്കാവണം എന്നൊന്നുമില്ല. ആൾക്കൂട്ടത്തിനിടയിലും ഒറ്റയ്ക്കും സന്തോഷത്തോടെ ഇരിക്കാറുണ്ട്. പക്ഷേ, ഒറ്റയ്ക്കിരിക്കുമ്പോഴാണ് കൂടുതൽ ചിന്തിക്കുന്നത്. ദൈവത്തെ കുറിച്ചും വിധിയെ കുറിച്ചുമെല്ലാം ആലോചിക്കും.