1. മുന്‍രഞ്ജി താരം ജയമോഹനെ മദ്യലഹരിയില്‍ ഇടിച്ചുവീഴ്ത്തി എന്ന് മകന്‍ അശ്വിന്റെ മൊഴി. വീണ ശേഷം എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് വീണ്ടും ഇടിച്ചത്. ഈ സമയമാണ് തലയ്ക്ക് വീണ്ടും പരിക്കേറ്റത് എന്നും അശ്വിന്‍ മൊഴി നല്‍കി. ജയമോഹന്‍ തമ്പിയും മകന്‍ അശ്വിനും തുടര്‍ച്ചയായി പത്ത് ദിവസം മദ്യപിച്ചു. മദ്യവില്‍പ്പന തുടങ്ങിയ മെയ് 28നാണ് തുടര്‍ച്ചയായ മദ്യപാനം തുടങ്ങിയത്. ജയമോഹന്‍ തമ്പിക്ക് ലിവര്‍ സിറോസിസിന്റെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. സംഭവ ദിവസം രാവിലെ അച്ഛനും മകനും ഒരുമിച്ചിരുന്ന് മദ്യപിച്ച് ഇരുന്നു. പണത്തെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിനിടെ ആണ് ആക്രമണം ഉണ്ടായത്.
2. മൂന്ന് ഗുരുതരമായ മുറിവുകള്‍ ജയമോഹന്റെ ശരിരത്തില്‍ ഉണ്ടായിരുന്നു. തലയുടെ പിന്‍ഭാഗത്തും, നെറ്റിയിലും, മൂക്കിലെ നേസല്‍ ബോണിലും ഗുരുതര പരിക്ക്. ഇതേ തുടര്‍ന്നാണ് തമ്പിക്ക് ഒപ്പം താമസിച്ചിരുന്ന മകന്‍ അശ്വിനെ കസ്റ്റഡിയില്‍ എടുത്തത്. തിങ്കളാഴ്ച രാവിലെ ആണ് തിരുവനന്തപുരം മണക്കാടുള്ള വീട്ടില്‍ ജയമോഹന്‍ തമ്പിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തമ്പിയുടെ വീടിന് മുകളില്‍ താമസിക്കുന്നവര്‍ ദുര്‍ഗന്ധത്തെ തുടര്‍ന്ന് പൊലീസിനെ അറിയിക്കുക ആയിരുന്നു. ജയമോഹന്റെ ക്രെഡിറ്റ് കാര്‍ഡും എ.ടി.എം കാര്‍ഡും മകന്‍ അശ്വിന്‍ ആയിരുന്നു ഉപയോഗിച്ച് ഇരുന്നത്.
3 കൊവിഡ് ബാധിച്ച് മരിച്ച തൃശൂര്‍ ചാലക്കുടി സ്വദേശി ഡിന്നി ചാക്കോയുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് അനുമതി നിഷേധിച്ച് പള്ളി കമ്മിറ്റി. പള്ളി സെമിത്തേരിയില്‍ മൃതദേഹം അടക്കാനാകില്ലെന്ന് ഭാരവാഹികള്‍. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം പ്രദേശത്ത് ആഴത്തില്‍ കുഴിവെട്ടി മൃതദേഹം സംസ്‌കരിക്കാന്‍ ആകില്ലെന്നാണ് വിശദീകരണം. ഡിന്നിയുടെ വീട്ടുകാര്‍ നല്‍കിയ അപേക്ഷയില്‍ പള്ളികമ്മിറ്റി ചര്‍ച്ച ചെയ്തങ്കിലും മൃതദേഹം സംസ്‌കരിക്കുന്നതിന് ഭൂരിഭാഗം അംഗങ്ങളും വിയോജിപ്പ് രേഖപ്പെടുത്തുക ആയിരുന്നു.
4 ക്രിസ്തീയ ആചാരപ്രകാരം മൃതദേഹം സംസ്‌കരിക്കണം എന്നാണ് ബന്ധുക്കളുടെ ആവശ്യം. തിങ്കളാഴ്ചയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ഡിന്നി മരിച്ചത്. മാലദ്വീപില്‍ നിന്നെത്തിയ ഡിന്നി ചാക്കോയ്ക്ക് മെയ് 16നാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുക ആയിരുന്നു. ഡിന്നിയുടെ മൃതദ്ദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുക ആണ്. കളക്ടറുടെ നിര്‍ദ്ദേശം അനുസരിച്ച് തുടര്‍ നടപടികളുണ്ടാകും.
5 തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ച് ഡി.എം.കെ എംഎല്‍എ മരിച്ചു. ഡിഎംകെ സൗത്ത് ചെന്നൈ അധ്യക്ഷന്‍ കൂടിയായ ജെ. അന്‍പഴകനാണ് മരിച്ചത്. 62 വയസ്സായിരുന്നു. ചെപ്പോക്ക് എംഎല്‍എ ആയിരുന്നു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ജനപ്രതിനിധിയാണ് അന്‍പഴകന്‍. ഈ മാസം രണ്ടാം തീയതിയാണ് എം.എല്‍.എക്ക് രോഗം സ്ഥിരീകരിച്ചത്. ഡോക്ടര്‍ റെല ഇന്‍സ്റ്റിറ്റിയൂട്ട് ആന്റ് മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ആരോഗ്യനില ഗുരുതരം ആകുക ആയിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. അതേസമയം, തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 300 കടന്നു. 1685 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 307 ആയി. 34914 ആണ് രോഗബാധിതര്‍.
6 യു.എസില്‍ വംശീയ വിവേചനത്തിന്റെയും പൊലീസ് അതിക്രമത്തിന്റെയും ഇരയായി കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മൃതദേഹം സംസ്‌കരിച്ചു. ഫ്‌ളോയിഡിന്റെ ജന്മനാടായ ഹൂസ്റ്റണിലാണ് മൃതദേഹം സംസ്‌കരിച്ചത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. ഫ്‌ളോയിഡിന് നീതിക്കായി അമേരിക്കയില്‍ എങ്ങും പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞ മാസം 25നാണ് മിനിയാപൊളിസ് പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥന്‍ ജോര്‍ജ് ഫ്‌ളോയിഡിനെ റോഡില്‍ കിടത്തി കഴുത്തില്‍ അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നത്. ഫ്‌ളോയിഡിന്റെ മരണത്തില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്കാണ് അമേരിക്ക സാക്ഷിയായത്.
7 ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ. അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ഏറ്റവും അധികം പുതിയ രോഗികള്‍ ഉണ്ടാകുന്നത് ഇന്ത്യയിലാണ്. അതേസമയം, രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ആറാം സ്ഥാനത്താണ്. ഇതിനിടെ, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തി അറുപതിനായിരം പിന്നിട്ടു. തുടര്‍ച്ചയായി ആറാം ദിവസവും പതിനായിരത്തിന് അടുത്ത് പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 9987 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 279 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണം 7466 ആയി. രോഗമുക്തര്‍ ആയവര്‍ ഒരു ലക്ഷത്തി മുപ്പതിനായിരത്തോട് അടുക്കുകയാണ്. ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു. ഇന്നലെ 1366 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 31,309 ആയി. സംസ്ഥാനത്ത് ഇതുവരെ 907 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
8 ഈ മാസം അവസാനത്തോടെ കൊവിഡ് രോഗികളുടെ എണ്ണം ഡല്‍ഹി ഒരു ലക്ഷം കടക്കും എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളില്‍ സമയബന്ധിതം ആയി വര്‍ധിപ്പിക്കും എന്ന് ലഫ്.ഗവര്‍ണര്‍ ഇന്നലെ കൂടിയ സര്‍വകക്ഷി യോഗത്തില്‍ അറിയിച്ചു. സര്‍ക്കാരിന് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയെന്നും ഗവര്‍ണര്‍ പറഞ്ഞു.