indo-covid

ന്യൂഡൽഹി:- രാജ്യത്ത് കൊവിഡ്-19 രോഗം റെക്കോർ‌ഡ് ചെയ്ത ശേഷം ആദ്യമായി രോഗം ഭേദമായവരുടെ എണ്ണം രോഗബാധിതരെ മറികടന്നു. 1,33,632 പേർക്ക് രോഗം ബാധിച്ചപ്പോൾ 1,35,205ഓളം ആളുകളുടെ അസുഖം ഭേദപ്പെട്ടെന്ന ആശ്വാസ ജനകമായ വാർത്തയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്നത്. രോഗം മാറിയവരുടെ ശതമാന കണക്ക് നോക്കിയാൽ 48.99 ആണ്.

കഴിഞ്ഞ ദിവസവും രാജ്യത്ത് 9500 പേർക്ക് രോഗം ബാധിച്ചു. ബുധനാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിൽ 279 പേർ മരിച്ചു. ഇതുവരെ ആകെ രോഗം ബാധിച്ചത് 2,76,583 പേ‌ർക്കാണ്. 7745 പേർ മരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ വിദേശികളും ഉൾപ്പെടുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അമേരിക്ക, ബ്രസീൽ, റഷ്യ,യുകെ എന്നീ രാജ്യങ്ങൾക്ക് പിന്നിലായി അഞ്ചാമതാണ് രോഗികളുടെ എണ്ണത്തിൽ ഇപ്പോൾ ഇന്ത്യ.

7745 പേ‌ർ മരിച്ചതിൽ 3289 പേർ മരിച്ചത് മഹാരാഷ്ട്രയിലാണ്. 1313 പേർ‌ ഗുജറാത്തിൽ മരിച്ചു. ഡൽഹിയിൽ 905, മധ്യപ്രദേശിൽ 420, പശ്ചിമബംഗാൾ 415, തമിഴ്നാട് 307,ഉത്തർപ്രദേശ് 301, രാജസ്ഥാൻ 255, തെലങ്കാന 148 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിതി രൂക്ഷമായ വിവിധ സംസ്ഥാനങ്ങളിലെ കണക്കുകൾ. കേരളത്തിൽ 16 പേരാണ് മരിച്ചത്. മിക്ക രോഗികളുടെയും മരണകാരണം ഒരസുഖത്തോടൊപ്പം മറ്റൊരു അസുഖം കൂടി വരുന്നതാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ളത് 90,787 പേർ. തമിഴ്നാടാണ് രണ്ടാമത് 34914 പേർ. കേരളത്തിൽ 2096പേരാണ് രോഗബാധിതരായി നിലവിലുള്ളത്. സംസ്ഥാനങ്ങൾ തോറുമുള്ള രോഗബാധ വീണ്ടും പരിശോധിച്ച് വിലയിരുത്തേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.