കൂടുതൽ ഹരിത വാഹനങ്ങൾ ഉൾക്കൊള്ളുന്നതിന്റെ ഭാഗമായി ബ്രിട്ടൻ ഉടൻ തന്നെ പുതിയ കാർ സ്‌ക്രാപ്പേജ് സ്‌കീം കൊണ്ടുവരുമെന്ന് റിപ്പോർട്ടുകൾ. പെട്രോൾ, ഡീസൽ കാറുകൾ കൈമാറ്റം ചെയ്ത് ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കാൻ ശ്രമിക്കുന്നവർക്ക് ഈ പദ്ധതി ഉപകാരപ്രദമാകും. പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇന്ധന വാഹനങ്ങൾ കൈമാറ്റം ചെയ്ത് ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കുന്നവർക്ക് ബ്രട്ടണിൽ 6,000 പൗണ്ട് (ഏകദേശം 5.7 ലക്ഷം രൂപ) വരെ നൽകാനാണ് പദ്ധതിയിടുന്നത്.
കോവിഡ് വ്യാപനത്തെ തുടർന്ന് നഷ്ടത്തിലായ സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം ഇലക്ട്രോണിക്ക് വാഹന വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ നയം ഗുണം ചെയ്യും. ലോക്ക് ഡൗൺ കാലം വാഹന വിപണന രംഗത്ത് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്.പ്രതിസന്ധി ഘട്ടം പൂർണ്ണമായും മാറുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾ ജനകീയമാക്കാനാണ് യുകെ ഇപ്പോൾ ശ്രമിക്കുന്നത്. വെഹിക്കിൾ സ്‌ക്രാപ്പേജ് നയം പ്രാബല്യത്തിൽ വരുന്നതോടെ, ഹരിത വാതക ഓപ്ഷനുകളുടെ ഉപയോഗം മുന്നോട്ട് കൊണ്ടുപോകുന്നതിന് യൂറോപ്യൻ രാജ്യങ്ങൾ പദ്ധതി നടപ്പിലാക്കും.ലോക്ക് ഡൗൺ സമയത്തുണ്ടായ നഷ്ടത്തിൽ നിന്നും കരകയറാൻ ഫ്രാൻസ് നേരത്തെ തന്നെ 8 ബില്ല്യൺ യൂറോ ( ഏകദേശം 66,671 കോടി രൂപ)പദ്ധതി പ്രഖ്യാപിച്ചിരുന്നു.
യു.കെയെ പോലെ വാഹന വിൽപ്പന സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ താൽപര്യം കാണിച്ച ഫ്രാൻസ് , മികച്ചതും അണുവിമുക്തവുമായ വാഹനങ്ങൾ ഉപയോഗത്തിലേക്ക് കൊണ്ടുവരാനും ശ്രദ്ധിക്കുന്നുണ്ട്. വ്യവസായം സംരക്ഷിക്കുക മാത്രമല്ല അതിന്റെ രൂപാന്തരവും പ്രധാനമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഫ്രാൻസിനെ പിന്തുടർന്ന് ജർമ്മനി, രാജ്യത്ത് കാർ വിപണനം വർധിപ്പിക്കുന്നതിനായി വാഹന മേഖലയ്ക്ക് ഉത്തേജക പാക്കേജുകൾ നൽകാൻ അടുത്തിടെ തീരുമാനിച്ചിരുന്നു. ഇതിനായി ജർമ്മനിയുടെ സാമ്പത്തിക മന്ത്രാലയം 5 ബില്യൺ യൂറോയുടെ ബോണസ് പദ്ധതി നിർദ്ദേശിച്ചു.
സൈക്കിളുകളുടെ വർദ്ധിച്ച ഉപയോഗത്തിലൂടെ ഇറ്റാലിയൻ നഗരമായ മിലാനിലും ഹരിത വാഹനങ്ങളുടെ പ്രസക്തിയേറിയിട്ടുണ്ട്. മിലാൻ മേയർ ഗ്യൂസെപ്പെ സാല അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ, 70 ശതമാനം വരുന്ന മിലാൻ നിവാസികളായ സൈക്കിൾയാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും ഉപയോഗത്തിന് മാത്രമായി 35 കിലോമീറ്റർ (22 മൈൽ) സ്ഥലം പ്രത്യേക പാതയാക്കുന്നതിനും പദ്ധതിയുണ്ടെന്ന് പറഞ്ഞു. ചില പ്രത്യേക പാതകളിൽ മാത്രം ഇലക്ട്രിക് സൈക്കിളുകളുകൾ ജനകീയമാക്കാനും യുകെക്ക് പദ്ധതികളുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ, വെസ്റ്റ് മിഡ്ലാന്റ്സ്, വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് കോമ്പൈൻഡ് അതോറിറ്റി, പോർട്ട്സ്മൗത്ത് & സൗത്താം്ര്രപൺ, ഡോർബി & നോട്ടിങ്ഹാം എന്നിവിടങ്ങളിൽ അടുത്ത മാസം ഇത് പ്രായോഗികമാക്കും.