cashew

കൊച്ചി: കൊവിഡ്, ലോക്ക്ഡൗൺ സാഹചര്യം മുതലെടുത്ത് ഇന്ത്യയുടെ കശുഅണ്ടി വിപണികളിൽ ഏറ്റവും വലിയ കയറ്റുമതി രാജ്യമായ വിയറ്ര്‌നാമിന്റെ കടന്നുകയറ്റം. ഇന്ത്യയുടെ പരമ്പരാഗത വിപണികളായ ഗൾഫ്, അമേരിക്ക എന്നിവിടങ്ങളിൽ വിയറ്ര്‌നാം പിടിമുറുക്കി. ഇന്ത്യയിൽ സംസ്കരണവും ചരക്കുനീക്കവും ലോക്ക്ഡൗണിൽ കുത്തനെ ഇടിഞ്ഞതാണ് വിയറ്ര്‌നാമിന് നേട്ടമാകുന്നത്.

കഴിഞ്ഞ ഫെബ്രുവരി മുതൽ വലിയ ഓർഡറുകൾ നേടാനോ കയറ്റുമതി നടത്താനോ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ, വിയറ്റ്‌നാം കയറ്റുമതി വർദ്ധിപ്പിക്കുകയും ചെയ്‌തു. ഈ സ്ഥിതി തുടർന്നാൽ, വിയറ്ര്‌നാമിൽ നിന്ന് വിപണികൾ തിരിച്ചുപിടിക്കാൻ ഇന്ത്യയ്ക്ക് പ്രയാസമാകുമെന്ന് വിലയിരുത്തപ്പെടുന്നു. നിലവാരം ഉയർന്ന കശുഅണ്ടികളാണ് ഇന്ത്യ കയറ്രുമതി ചെയ്യുന്നത്; വിയറ്ര്‌നാം നിലവാരം കുറഞ്ഞ ലോ ഗ്രേഡ് കശുഅണ്ടിയും. വിയറ്ര്‌നാമിന്റെ പ്രമുഖ വിപണിയായ ചൈനയിൽ ഡിമാൻഡ് കുറഞ്ഞിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ്., ഇന്ത്യയുടെ വിപണികളിലേക്ക് വിയറ്ര്‌നാം ഇരച്ചുകയറുന്നത്. ഇന്ത്യൻ ഇനത്തേക്കാൾ ഏറെ കുറഞ്ഞവിലയ്ക്കാണ് വിയറ്റ്‌നാമിന്റെ കച്ചവടമെന്ന ഭീഷണിയും നിലനിൽക്കുന്നു.

വില കരകയറിയേക്കും

നിലവിൽ ടണ്ണിന് ദശാബ്‌ദത്തിലെ ഏറ്റവും കുറഞ്ഞ വിലയായ 900-1,250 ഡോളറിനാണ് ആഗോളവിപണിയിൽ കശുഅണ്ടി കച്ചവടം. കൊവിഡിൽ ഡിമാൻഡ് ഇടിഞ്ഞതാണ് കാരണം. ലോക്ക്ഡൗണിൽ ഇളവ് ലഭിച്ചതിനാൽ, ലോകത്തെ ഏറ്റവും വലിയ ഉപഭോഗ രാജ്യമായ ഇന്ത്യയിൽ വരുംനാളുകളിൽ ഡിമാൻഡും അതുവഴി വിലയും കൂടുമെന്നാണ് പ്രതീക്ഷ. ആഗസ്റ്രാണ് പ്രധാന ഉപഭോഗ സീസൺ. അമേരിക്ക, യൂറോപ്പ്യൻ യൂണിയൻ എന്നിവിടങ്ങളിൽ നിന്ന് ഡിമാൻഡ് കൂടുന്നതും നേട്ടമാകും.

60%

സംസ്കരണത്തിനുള്ള കശുഅണ്ടിയിൽ 60 ശതമാനവും ഇന്ത്യ വാങ്ങുന്നത് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളായ ഐവറി കോസ്‌റ്റ്, ഘാന എന്നിവിടങ്ങളിൽ നിന്നാണ്. വിയറ്റ്‌നാമിന്റെ പ്രധാന ശ്രോതസും ഇവയാണ്. ഈ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ആരംഭിച്ചിട്ടുണ്ട്.

8 ലക്ഷം ടൺ

കേരളമാണ് ഇന്ത്യയുടെ കശുഅണ്ടി സംസ്കരണ ഹബ്. നടപ്പുവർഷം കേരളത്തിന് വേണ്ടത് എട്ടുലക്ഷം ടൺ കശുഅണ്ടിയാണ്.

66,693 ടൺ

പ്രതിവർഷം ശരാശരി ഒരുലക്ഷം ടൺ കശുഅണ്ടി കയറ്റുമതി ചെയ്‌തിരുന്നു ഇന്ത്യ. കഴിഞ്ഞ ഏതാനും വർഷങ്ങളായി കയറ്റുമതി ഇടിയുകയാണ്. വിയറ്ര്‌നാമിന്റെ വെല്ലുവിളിയാണ് കാരണം. കഴിഞ്ഞവർഷത്തെ കയറ്റുമതി 66,693 ടൺ മാത്രമാണ്.