floyd
floyd

ലണ്ടൻ:ജോർജ് ഫ്ലോയിഡ് വധത്തെ തുടർന്ന് അമേരിക്കയിൽ പൊട്ടിപ്പുറപ്പെട്ട വർണവിവേചന വിരുദ്ധ പ്രക്ഷോഭം ലോകമാകെ പടരവേ വർണവെറിയുടെ ഇരുണ്ട ഭൂതകാലമുള്ള ബ്രിട്ടൻ അപമാനഭാരത്താൽ ലണ്ടനിലെ ഒരു മ്യൂസിയത്തിന് മുന്നിലെ അടിമവ്യാപാരിയുടെ പ്രതിമ ഇളക്കി മാറ്റി.

പതിനെട്ടാം നൂറ്റാണ്ടിലെ സ്‌കോട്ടിഷ് അടിമ മുതലാളിയും അടിമ വ്യാപാരിയും കപ്പൽ ഉടമയുമായിരുന്ന റോബർട്ട് മില്ലിഗന്റെ പ്രതിമയാണ് ജെ. സി. ബി ഉപയോഗിച്ച് കടപുഴക്കിയത്.

ബ്രിട്ടന്റെ സാമ്രാജ്യത്വ ഭൂതകാലത്തിന്റെ അവശിഷ്‌ടങ്ങളിൽ ഒന്നായിരുന്നു മില്ലിഗന്റെ പ്രതിമ. ഇത്തരം പ്രതിമകളിലൂടെ അടിമവ്യാപാരികളെ പോലുള്ള കൊളോണിയൽ പ്രതീകങ്ങളെ ബ്രിട്ടൻ മഹത്വവൽക്കരിക്കുകയാണെന്ന വിമർശനങ്ങൾ ഉയരുന്നതിനിടെയാണിത്. അമേരിക്കയിൽ ജോർജ് ഫ്ലോയിഡ് വധം തിരികൊളുത്തിയ ബ്ലാക് ലൈവ്സ് മാറ്റർ പ്രക്ഷോഭം ഈ വിമർശനം രൂക്ഷമാക്കിയിട്ടുമുണ്ട്.

പ്രതിമ നീക്കിയതിനെ ന്യായീകരിച്ച ലണ്ടൻ മേയർ സാദിക്ക് ഖാൻ പരസ്യമായി പശ്ചാത്താപം പ്രകടിപ്പിച്ചു. ''നമ്മുടെ നഗരത്തിന്റെയും രാജ്യത്തിന്റെയും സമ്പത്തിൽ ഏറിയ പങ്കും അടിമ വ്യാപാരത്തിലൂടെ നേടിയതാണെന്നത് ഒരു ദുഃഖ സത്യമാണ്. എങ്കിലും നമ്മുടെ പൊതു സ്ഥലങ്ങളിൽ ഇത് ആഘോഷിക്കപ്പെടാൻ പാടില്ല''- പ്രതിമ ഇളക്കുന്ന ചിത്രം സഹിതം അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

അമേരിക്കയിൽ ജോർജ് ഫ്ലോയിഡിന്റെ സംസ്‌കാരം നടന്ന ദിവസം ലണ്ടനിൽ കറുത്ത വർഗ്ഗക്കാർ പ്രകടനം നടത്തിയിരുന്നു. പാർലമെന്റ് സ്ക്വയറിലെ നെൽസൺ മണ്ടേലയുടെ പ്രതിമയുടെ മുന്നിൽ കൂടിയ പ്രക്ഷോഭകർ ഡൗണിംഗ് സ്‌ട്രീറ്റിലേക്ക് മാർച്ച് ചെയ്‌തിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ അടിമക്കടത്ത് നടത്തിയവരിൽ ബ്രിട്ടീഷ് വ്യാപാരികളും ഉണ്ട്. അവരുടെ പേരുകളും ഫലകങ്ങളും ലണ്ടനിൽ ധാരാളമായുണ്ട്. പ്രക്ഷോഭത്തെ തുടർന്ന് നഗരത്തിലെ പ്രതിമകളും തെരുവുകളുടെ പേരുകളും ഫലകങ്ങളും പരിശോധിക്കാൻ മേയർ ഖാൻ ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ ഞായറാഴ്‌ച ബ്രിസ്റ്റോളിൽ പതിനേഴാം നൂറ്റാണ്ടിലെ അടിമ വ്യാപാരി എഡ്വേർഡ് കോൾസ്റ്റണിന്റെ പ്രതിമ പ്രക്ഷോഭകർ തകർത്തിരുന്നു. ഓക്സ്‌ഫോർഡിൽ ആയിരത്തോളം പ്രക്ഷോഭകർ കടുത്ത ബ്രിട്ടീഷ് സാമ്രാജ്യത്വ വാദിയും വെള്ളക്കാരന്റെ അധീശത്വത്തിന്റെ വക്താവുമായിരുന്ന മുൻ ദക്ഷിണാഫ്രിക്കൻ പ്രധാനമന്ത്രി സെസിൽ റോഡ്സിന്റെ പ്രതിമ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയിരുന്നു. കോൾസ്റ്റണിന്റെ പ്രതിമ തകർത്തതിനെ ക്രിമിനൽ പ്രവ‌ൃത്തി എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി

ബോറിസ് ജോൺസണിനെതിരെ കറുത്തവരുടടെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

@റോബർട്ട് മില്ലിഗൻ.

ജമൈക്കയിൽ നിന്ന് ബ്രിട്ടനിൽ കുടിയേറി അടിമ വ്യാപാരത്തിലൂടെ സമ്പന്നനായ ബിസിനസുകാരനായിരുന്നു റോബർട്ട് മില്ലിഗൻ. തന്റെ കരിമ്പിൻ തോട്ടത്തിൽ പണിയെടുത്ത 526 അടിമകളുടെ ഉടമയായിരുന്നു ഇയാൾ. ആഫ്രിക്കയിൽ നിന്നാണ് കറുത്ത വർഗ്ഗക്കാരെ വിലയ്ക്ക് വാങ്ങി അടിമപ്പണി ചെയ്യിച്ചിരുന്നത്. അടിമകളെ വിൽക്കുന്നതും വാങ്ങുന്നതും ലാഭകരമായ ബിസിനസായിരുന്നു. ലണ്ടനിലെ വെസ്റ്റ് ഇൻഡ്യ കപ്പൽശാല നി‌മ്മിച്ചത് ഇയാളാണ്.

1.7 കോടി അടിമകൾ

പതിനഞ്ചാം നൂറ്റാണ്ടു മുതൽ പത്തൊൻപതാം നൂറ്റാണ്ട് വരെ നാനൂറ് വർഷമാണ് ഏറ്റവും ഹീന മായ അടിക്കടത്ത് നടന്നത്. അക്കാലത്ത് ആഫ്രിക്കയിൽ നിന്ന് സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ കറുത്ത വർഗ്ഗക്കാരായ1.7 കോടി മനുഷ്യരെയാണ് അടിമകളാക്കി കപ്പലുകളിൽ അമേരിക്കൻ നാടുകളിൽ എത്തിച്ചത്. അമേരിക്കയിലെ തോട്ടങ്ങളിൽ അവരെ ക്രൂരമായി പണിയെടുപ്പിച്ചു.അവരെ കൊണ്ടു വരുന്ന കപ്പലുകൾ അവരുടെ വിയർപ്പിലും കണ്ണീരിലും ചോരയിലും വിളഞ്ഞ പരുത്തിയും പഞ്ചസാരയും പുകയിലയും മറ്റ് ഉൽപ്പന്നങ്ങളും നിറച്ച് യൂറോപ്പിലേക്ക് പൊയ്‌ക്കൊണ്ടിരുന്നു.