ജനീവ:- കൊവിഡ് രോഗത്തിന്റെ ആരംഭത്തിൽ രോഗിക്ക് തീരെ സുഖമില്ലാതെ വരുന്ന ഘട്ടത്തിലാണ് വൈറസ് മറ്രുള്ളവരിലേക്ക് എളുപ്പം പടരുകയെന്ന് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. ഇത് ഈ രോഗ പകർച്ച തടയുന്നത് വളരെ പ്രയാസമുള്ളതാക്കുന്നെന്നും ലോകാരോഗ്യ സംഘടനയിലെ പകർച്ചാവ്യാധി വിദഗ്ധയും ടെക്നിക്കൽ ടീമിന്റെ നേതാവുമായ മരിയ വാൻ കെർഖോവ്. സമൂഹ മാധ്യമങ്ങളിൽ നടന്ന സംവാദത്തിലാണ് മരിയ ഇക്കാര്യം സ്ഥിരീകരിച്ചത്.
അമേരിക്കയിലും ജർമ്മനിയിലും നടത്തിയ പ്രാഥമിക പഠനത്തിൽ ചെറിയ രോഗ ലക്ഷണം മാത്രമുള്ളവർക്ക് രോഗ സംക്രമണ സാധ്യത എട്ട് മുതൽ ഒൻപത് ദിവസത്തിനിടെയാണ്. ഗുരുതര രോഗമുള്ളവരിൽ ഇത് വീണ്ടും നീളും. ചിലരിൽ യാതൊരു രോഗ ലക്ഷണവും പ്രകടമായില്ലെങ്കിലും അവരിൽ നിന്നും മറ്റുള്ളവർക്ക് രോഗം ബാധിക്കാം. നാല്പത് ശതമാനത്തോളം പേരിൽ രോഗമെത്തുക തീരെ രോഗ ലക്ഷണമില്ലാത്തവരിൽ നിന്നാകാമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. 'രോഗത്തിന്റെ ഇൻഫെക്ഷൻ കാരണകാരിയായ വൈറസ് വായുവിൽ ഏറ്റവുമധികം ഉണ്ടാകുക രോഗബാധയുടെ ബുദ്ധിമുട്ട് തോന്നിയ ഉടനെയെന്ന്' ലോകാരോഗ്യ സംഘടന അത്യാഹിത വിഭാഗം വിദഗ്ധൻ ഡോ.മൈക്ക് റിയാൻ അഭിപ്രായപ്പെട്ടു. അത്ര പെട്ടെന്ന് സംക്രമിക്കുന്നതിനാലാണ് ഈ രോഗം വളരെയധികം അപകടകാരിയാകുന്നതെന്നും ഡോ.മൈക്ക് പറഞ്ഞു. നിയന്ത്രണങ്ങളിലൂടെ രോഗം പിടിപെടാനുള്ള സാധ്യത ലഘൂകരിക്കുകയാണ് ഇപ്പോൾ ചെയ്യാവുന്ന ഏക കാര്യം.