നാട്ടിൻ പുറങ്ങളിൽ സുലഭമായി കിട്ടുന്ന ഒന്നാണ് ചേമ്പില അഥവാ മടന്തയില. ചേമ്പില കൊണ്ട് വ്യത്യസ്തമായി നാടൻ കറി ഉണ്ടാക്കിയിരിക്കുകയാണ് നടി പ്രവീണ. തന്റെ അമ്മയും അമ്മൂമ്മയും തയാറാക്കുന്നത് കണ്ട് പഠിച്ചതാണ് ഈ കറിയെന്നും പ്രവീണ പറയുന്നു. ചേമ്പില പ്രത്യേക രീതിയിൽ ചുരുട്ടിയാണ് കറിവയ്ക്കാൻ ഉപയോഗിക്കുന്നത്. കഞ്ഞിവെള്ളമാണ് ഇതിൽ പ്രധാനം. കൊച്ചുകൊച്ചു വലിയ കാര്യങ്ങള്‍ എന്ന പ്രവീണയുടെ യൂട്യൂബ് ചാനലിലാണ് പാചകത്തിന്റെ വീഡിയോ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചേരുവകൾ
ചേമ്പ് ഇല നാര് കളഞ്ഞ് ചുരുട്ടി കെട്ടി എടുക്കണം
ചെറിയ ഉള്ളി
കുടംപുളി
കഞ്ഞിവെള്ളം
ഉപ്പ്
മഞ്ഞൾപ്പൊടി
നാളികേരം
മല്ലിപ്പൊടി
പച്ചമുളക്
വെളിച്ചെണ്ണ
തയാറാക്കുന്ന വിധം
ആദ്യം ചേമ്പില നാര് കളഞ്ഞ് ചുരുട്ടി കെട്ടിയെടുക്കാം. തേങ്ങ, പച്ചമുളക്, മല്ലി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചതച്ച് എടുക്കണം. അടി കട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് ചൂടായി കഴിയുമ്പോൾ കുറച്ച് ചെറിയ ഉള്ളി അരിഞ്ഞത് ഇടുക, ഇതിലേക്ക് ചേമ്പില കെട്ടുകൾ ഇട്ടു കൊടുക്കാം. വീണ്ടും മുകളിൽ ചെറിയ ഉള്ളിയും അരപ്പും ചേർക്കാം. ഇതിന് മുകളിലേക്ക് കഞ്ഞിവെള്ളവും കുറച്ച് കുടംപുളിയും ചേർത്ത് 10 മിനിറ്റ് അടച്ച് വച്ച് വേവിച്ച് എടുക്കാം. നന്നായി വറ്റിച്ച് എടുത്ത ശേഷം പച്ച വെളിച്ചെണ്ണ ഒഴിച്ച് കറി വാങ്ങാം.