clove-farming

വീട്ടുകൃഷിത്തോട്ടത്തിലും തെങ്ങിൻ തോപ്പിലുമെല്ലാം വളരെ ഫലപ്രധമായ രീതിയിൽ വളർത്തി എടുക്കാൻ സാധിക്കുന്ന ഒരു സുഗന്ധ വിളയാണ് ഗ്രാമ്പൂ. ഗ്രാമ്പൂ വീട്ട് മുറ്റത്ത് ആദായകരമായ രീതിയിൽ വളർത്താൻ ആഗ്രഹിക്കുന്നവർ ഇത്തരത്തിൽ ഒന്ന് കൃഷി ചെയ്യാൻ ശ്രമിച്ചാൽ മാത്രം മതി.

75 സെന്റീമീറ്റർ വീതം നീളവും വീതിയും ആഴവുമുള്ള കുഴികൾ 6-7 മീറ്റർ അകലത്തിൽ എടുക്കണം. മേൽമണ്ണും നന്നായി അഴുകിപ്പൊടിഞ്ഞ കാലിവളവും ചേർത്ത് കുഴി പാതി നിറയ്ക്കുക. മഴക്കാലം തുടങ്ങുന്നതോടെ (ജൂൺ - ജൂലായ് മാസം) തൈ നടാം. വളരുന്ന ചെടിയൊന്നിന് 15 കിലോ കാലിവളം അഥവാ കമ്പോസ്റ്റ് ചേർക്കണം. തെങ്ങ്, മാവ്, പ്ലാവ്, വാഴ തുടങ്ങിയവയോടൊപ്പം മികച്ച രീതിയിൽ ഇടവിളയായി ഗ്രാമ്പൂ വളർത്താം.

കൊമ്പുണക്കവും പൂമൊട്ട് കൊഴിയലും ഗ്രാമ്പൂമരത്തിൽ ചിലപ്പോള്‍ കാണാറുണ്ട്. ഇത് കുമിൾ രോഗമാണ്. 1% വീര്യമുള്ള ബോർഡോമിശ്രിതം ഒന്നര മാസം ഇടവിട്ട് തളിച്ചാൽ രോഗം നിയന്ത്രണ വിധേയമാക്കാവുന്നതേയുള്ളു. ഗ്രാമ്പൂ മരങ്ങൾക്കിടയിൽ കളകൾ വളരാൻ അനുവദിക്കരുത്. മരത്തിന് പുതയിടുകയും ചെയ്യാം. നട്ട് 7- 8 വർഷമാകുമ്പോഴാണ് ഗ്രാമ്പൂമരം വിളവ് തരാനൊരുങ്ങുക. സമതലപ്രദേശത്ത് സെപ്തംബർ - ഒക്ടോബർ മാസവും ഹൈറേഞ്ചുകളിൽ ഡിസംബർ - ജനവരി മാസവുമാണ് ഗ്രാമ്പൂവിന്റെ പൂക്കാലം. പൂർണമായും തുറക്കാത്ത പൂമൊട്ടുകൾ ഉരുണ്ടു തുടുത്തിരിക്കുമ്പോൾത്തന്നെ വിളവെടുക്കണം. ഇവ പിന്നീട് ഉണക്കി സൂക്ഷിക്കാം. ഉണക്കിയ ഗ്രാമ്പൂവിന് ഗ്രാമ്പൂ മൊട്ടിന്റെ മൂന്നിലൊരു ഭാഗം തൂക്കമേ കാണുകയുള്ളു. ഏകദേശം 11,000 മുതൽ 15,000 മൊട്ട് വരെ വേണം ഒരു കിലോ തൂങ്ങാൻ.