കൊൽക്കത്ത:- സിപിഎമ്മിന്റെ മുൻ ലോക് സഭ എം.പിയും ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവുമായിരുന്ന ജ്യോതിർമയി സിക്ദർ ബിജെപിയിൽ ചേർന്നു. പശ്ചിമ ബംഗാളിൽ അമിത്ഷാ പാർട്ടിയുടെ വെർച്വൽ റാലി അഭിസംബോധന ചെയ്ത് ഉടനെയായിരുന്നു സംഭവം. 800 മീറ്റർ 1500 മീറ്റർ ഓട്ട മത്സരങ്ങളിൽ ഇന്ത്യക്കായി നിരവധി തവണ അവാർഡുകൾ വാങ്ങിയിട്ടുള്ള കായികതാരമാണ് ജ്യോതിർമയി.
2004 ൽ ബംഗാളിലെ കൃഷ്ണനഗർ ലോക്സഭാ മണ്ഡലത്തിൽ നിന്നും തിരഞ്ഞെെടുക്കപ്പെട്ട ജ്യോതിർമയി അന്ന് പരാജയപ്പെടുത്തിയത് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സത്യബ്രത മുഖർജിയെയായിരുന്നു. 2009ലും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2016ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് പാർട്ടിയുമായി അകൽച്ചയിലായിരുന്നു ജ്യോതിർമയി എന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷിന്റെ സാന്നിദ്ധ്യത്തിലാണ് മുതിർന്ന നേതാവായ ജ്യോതിർമയി സിക്ദർ പാർട്ടയിലേക്ക് ചേർന്നത്.
മുൻപും ബംഗാളിൽ സിപിഎമ്മിന്റെ പ്രമുഖ നേതാക്കൾ ബിജെപിയിൽ അംഗമായിട്ടുണ്ട്. മുൻപ് മൂന്നുവട്ടം സിപിഎമ്മിനൊപ്പം എംഎൽഎ ആയ ഖഗൻ മുർമ്മു ഇപ്പോൾ സംസ്ഥാനത്തെ ബിജെപി എംപിയാണ്. മുൻ എംഎൽഎ മഹ്ഫുസ ഖത്തുൻ ഇപ്പോൾ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനാണ്.