crme

ജയ്പൂർ:- മകൾ കാമുകനൊപ്പം ഒളിച്ചോടിപ്പോയി വിവാഹിതയായതിന്റെ ദേഷ്യത്തിൽ പെൺകുട്ടിയുടെ അച്ഛൻ രണ്ടുപേരെ വെട്ടിക്കൊന്നു. രാജസ്ഥാനിലെ ഝുൻഝുനു ജില്ലയിലാണ് സംഭവം. പെൺകുട്ടിയുടെ കാമുകന്റെ വീട്ടിലെത്തിയ ഹരിയാന സ്വദേശിയായ അനിൽ ജാട്ട് അവിടെ വീടിന്റെ മുകളിലെ നിലയിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയുടെ കാമുകന്റെ സഹോദരനെയും അയാളുടെ സുഹൃത്തിനെയും മഴു ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ദീപക്ക് കുമാർ(20), നരേഷ് കുമാർ(19) എന്നിവരാണ് മരിച്ചത്.

ഹരിയാനയിലെ മഹേന്ദ്രഗർഗ് സ്വദേശിയായ അനിൽ ജാട്ട് ബൈക്കിൽ സ്ഥലത്തെത്തി ഇരുവരെയും കൊലപ്പെടുത്തി തിരികെപോയി. പെൺകുട്ടിയുടെ കാമുകനായ കൃഷ്ണയുടെ അച്ഛനാണ് സംഭവം ആദ്യം കണ്ടത്. മരിച്ച ദീപക് കുമാറിന്റെ സഹോദരനാണ് യുവതിയുമായി ഒളിച്ചോടിയ കൃഷ്ണ. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലയ്ക്ക് ഉപയോഗിച്ച മഴു കണ്ടെത്തി. സ്ഥലത്തിനടുത്തുള്ള പൊലീസ് സ്റ്റേഷനിലെ സിസിടിവി ക്യാമറയിൽ നിന്ന് അനിൽ ജാട്ട് അതുവഴി വന്ന ദൃശ്യം ലഭിച്ചു. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.