ദൊദോമ: ന്യൂസിലാൻഡിനോടൊപ്പം കൊവിഡിൽ നിന്ന് മുക്തി നേടി ഈ എട്ട് രാജ്യങ്ങളും. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയ, വത്തിക്കാൻ, ഫിജി, കിഴക്കൻ ആഫ്രിക്കൻ ദ്വീപ് രാഷ്ട്രമായ സീഷെൽസ്, വെസ്റ്റ് ഇന്ത്യൻ രാജ്യമായ സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ തിമോർ ലെസ്‍തെ, വടക്കുപടിഞ്ഞാറൻ പസിഫിക് ദ്വീപായ പാപുവ ന്യൂഗിനിയ എന്നിവിടങ്ങളും കൊവിഡ് മുക്തമായതായി റിപ്പോർട്ട്.
ടാൻസാനിയ കൊവിഡ് മുക്തമായതായി കഴിഞ്ഞ ഞായറാഴ്‍ചയാണ് പ്രസിഡന്റ് ജോൺ മാഗ്‍ഫുലി പ്രഖ്യാപിച്ചത്. ആറാഴ്‍ചയോളം കൊവിഡ് കണക്കുകൾ വർദ്ധിക്കാതെ നിലനിലക്കുന്നത് പരിഗണിച്ചായിരുന്നു പ്രസിഡന്റിന്റെ പ്രഖ്യാപനം.
വത്തിക്കാൻ കൊവിഡ് മുക്തമായതായി ജൂൺ ആറിന് വത്തിക്കാൻ വക്താവ് മറ്റെയോ ബ്രൂണി അറിയിച്ചു .വത്തിക്കാനിൽ ആരും കൊവിഡ് ബാധിച്ച് മരിച്ചിട്ടില്ല.
ജൂൺ അഞ്ചിനാണ് ഫിജി കൊവിഡിൽ നിന്ന് മുക്തി നേടിയതായി പ്രധാനമന്ത്രി ഫ്രാങ്ക് ബെയ്‍നിമരാമ അറിയിച്ചത്. എന്നിരുന്നാലും, രാജ്യത്ത് പരിശോധനാ നടപടികൾ ശക്തമാണ്. രാജ്യത്ത് കൊവിഡ് മരണം റിപ്പോർട്ട് ചെയ്‍തിട്ടില്ല. നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും അതിർത്തികൾ അടച്ചിടുന്നത് തുടരും.
യൂറോപ്പിൽ ആദ്യമായി കൊവിഡ് മുക്തമായ രാജ്യം മോണ്ടിനെഗ്രോയാണ്. മെയ് 24ന് മോണ്ടിനെഗ്രോയിൽ അവസാനത്തെ രോഗിയും ആശുപത്രി വിട്ടു.
സീഷെൽസ് മെയ് 18നും സെന്റ് കിറ്റ്സ് ആൻഡ് നെവിസ് മെയ് 19നും തിമോർ ലെസ്‍തെ മെയ് 15നും പാപുവ ന്യൂഗിനിയ മെയ് നാലിനും കൊവിഡ് മുക്തമായി. ഈ പ്രദേശങ്ങളിലെല്ലാം കൊവിഡ് പാരമ്യത്തിൽ എത്തിയിരുന്നില്ല. എന്നിരുന്നാലും, കൊവിഡ് വ്യാപനം ആരംഭിച്ചപ്പോൾ തന്നെ കൈക്കൊണ്ട ചിട്ടയായ പ്രവർത്തനങ്ങളാണ് ഈ പ്രദേശങ്ങളെ മഹാവിപത്തിൽ നിന്ന് രക്ഷിച്ചത്.