വാഷിംഗ്ടൺ: മിനിയാപൊളിസിൽ പൊലീസ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ആഫ്രോ- അമേരിക്കൻ വംശജൻ ജോർജ് ഫ്ലോയിഡിന്റെ ഭൗതിക ശരീരം കഴിഞ്ഞദിവസം ടെക്സാസിലെ പേൾ ലാൻഡിലുള്ള സ്വകാര്യ സെമിത്തേരിയിൽ അടക്കം ചെയ്തിട്ടും, അമേരിക്കയിൽ പ്രതിഷേധം ശമിക്കുന്നില്ല.
അമേരിക്കയിലെ റിച്ച്മോണ്ടിലുള്ള ക്രിസ്റ്റഫർ കൊളംബസിന്റെ പ്രതിമ പ്രതിഷേധകർ തീ കൊളുത്തി തടാകത്തിലേക്ക് വലിച്ചെറിഞ്ഞു. പ്രതിമ എടുത്തുമാറ്റണന്ന ആവശ്യപ്പെട്ട് ജനക്കൂട്ടം നഗരത്തിലെ ബൈർഡ് പാർക്കിൽ തടിച്ച് കൂടി. കൊളംബസ് വംശഹത്യയെ പ്രതിനിധീകരിക്കുന്നതാണെന്നും പ്രതിമ പൊളിച്ച് നീക്കണമെന്നുമായിരുന്നു ആവശ്യം. രണ്ട് മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ ജനക്കൂട്ടം പ്രതിമ നശിപ്പിക്കുകയായിരുന്നു. 1927 ലാണ് കൊളംബസിന്റെ പ്രതിമ റിച്ച്മോണ്ടിൽ സ്ഥാപിക്കുന്നത്.
ലോകത്ത് ഇനിയും അവസാനിക്കാത്ത വർണവെറിയ്ക്കെതിരെയുള്ള പോരാട്ടം സമാന്തരമായി തുടരുമെന്നാണ് പ്രതിഷേധകർ പറയുന്നത്.
2500ഓളം ആളുകളാണ് ജോർജിന്റെ മിനിയാപൊളിസിലെ വീട്ടിൽ നടന്ന സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസം നടന്ന നാല് മണിക്കൂർ നീണ്ട മരണാനന്തര ചടങ്ങ് അമേരിക്കയിലെ എല്ലാ പ്രധാന ടെലിവിഷൻ ചാനലുകളും ലൈവായി സംപ്രേഷണം ചെയ്തിരുന്നു.
ബ്രിട്ടനിൽ പ്രതിമ നീക്കം ചെയ്തു
ജോർജ് ഫ്ലോയിഡ് വധത്തെ തുടർന്ന് അമേരിക്കയിൽ പൊട്ടിപ്പുറപ്പെട്ട വർണവിവേചന വിരുദ്ധ പ്രക്ഷോഭം ലോകമാകെ പടരവേ വർണവെറിയുടെ ഇരുണ്ട ഭൂതകാലമുള്ള ബ്രിട്ടൻ അപമാനഭാരത്താൽ ലണ്ടനിലെ ഒരു മ്യൂസിയത്തിന് മുന്നിലെ അടിമവ്യാപാരിയുടെ പ്രതിമ ഇളക്കി മാറ്റി. പതിനെട്ടാം നൂറ്റാണ്ടിലെ സ്‌കോട്ടിഷ് അടിമ മുതലാളിയും അടിമ വ്യാപാരിയും കപ്പൽ ഉടമയുമായിരുന്ന റോബർട്ട് മില്ലിഗന്റെ പ്രതിമയാണ് ജെ. സി. ബി ഉപയോഗിച്ച് കടപുഴക്കിയത്. ബ്രിട്ടന്റെ സാമ്രാജ്യത്വ ഭൂതകാലത്തിന്റെ അവശിഷ്‌ടങ്ങളിൽ ഒന്നായിരുന്നു മില്ലിഗന്റെ പ്രതിമ. ഇത്തരം പ്രതിമകളിലൂടെ അടിമവ്യാപാരികളെ പോലുള്ള കൊളോണിയൽ പ്രതീകങ്ങളെ ബ്രിട്ടൻ മഹത്വവൽക്കരിക്കുകയാണെന്ന വിമർശനങ്ങൾ ഉയരുന്നതിനിടെയാണിത്.
പ്രതിമ നീക്കിയതിനെ ന്യായീകരിച്ച ലണ്ടൻ മേയർ സാദിക്ക് ഖാൻ പരസ്യമായി പശ്ചാത്താപം പ്രകടിപ്പിച്ചു. '
കഴിഞ്ഞ ഞായറാഴ്‌ച ബ്രിസ്റ്റോളിൽ പതിനേഴാം നൂറ്റാണ്ടിലെ അടിമ വ്യാപാരി എഡ്വേർഡ് കോൾസ്റ്റണിന്റെ പ്രതിമ പ്രക്ഷോഭകർ തകർത്തിരുന്നു. ഓക്സ്‌ഫോർഡിൽ ആയിരത്തോളം പ്രക്ഷോഭകർ കടുത്ത ബ്രിട്ടീഷ് സാമ്രാജ്യത്വ വാദിയും വെള്ളക്കാരന്റെ അധീശത്വത്തിന്റെ വക്താവുമായിരുന്ന മുൻ ദക്ഷിണാഫ്രിക്കൻ പ്രധാനമന്ത്രി സെസിൽ റോഡ്സിന്റെ പ്രതിമ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയിരുന്നു. കോൾസ്റ്റണിന്റെ പ്രതിമ തകർത്തതിനെ ക്രിമിനൽ പ്രവൃത്തി എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി
ബോറിസ് ജോൺസണിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.