സ്നേഹവും വാത്സല്യവും കണിശതയും ചേർന്നൊഴുകിയ ത്രിവേണിയായിരുന്നു മക്കൾക്കെന്നും നടൻ സത്യൻ. പ്രിയപ്പെട്ട പപ്പയെക്കുറിച്ചുള്ള ഓർമ്മകൾ ഒരായിരമുണ്ട് ജീവൻ സത്യന്റെ മനസിൽ. എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ... ഓരോ നിമിഷവും അവ ഒട്ടും നിറം മങ്ങാതെ കൂടെയുണ്ട്. സത്യൻ യാത്രയായിട്ട് അമ്പതാം വർഷത്തിലെത്തുമ്പോൾ ആ ശൂന്യത അന്നത്തേതുപോലെ ഉള്ളിലുണ്ട്. തിരക്കിട്ട മദ്രാസിലെ ഷൂട്ടിംഗ് സമയത്ത് കൃത്യമായ ഇടവേളകളിൽ പപ്പയുടെ കത്തുകൾ മക്കളുടെ കൈയിലെത്തുമായിരുന്നു. അതിനുതൊട്ടുമുമ്പേ നാട്ടിൽ നിന്നും അവരയച്ച കത്തിലെ അക്ഷരത്തെറ്റുകളും വ്യാകരണതെറ്റുകളുമുൾപ്പെടെ ചൂണ്ടിക്കാട്ടിയാവും ആ കത്തുകളെല്ലാം. ആ അക്ഷരങ്ങൾക്കിടയിൽ സ്നേഹത്തിന്റെ സുഗന്ധം ഒളിപ്പിച്ചുവച്ചിട്ടുണ്ടാവും.
പപ്പുവായും ശ്രീധരൻ നായരായും ഒതേനനായും പളനിയായും ശ്രീനിയായും രാജേന്ദ്രനായും സുധിയായുമൊക്കെ വൈവിദ്ധ്യമാർന്ന, അഭിനയതീക്ഷ്ണതയുള്ള കഥാപാത്രങ്ങളിലൂടെ പകർന്നാടിയ അഭിനയചക്രവർത്തിയാണ് മലയാളികൾക്ക് സത്യൻ. എന്നാൽ, സ്നേഹത്തിന്റെ പ്രതിരൂപമാണ് തങ്ങളുടെ പപ്പയെന്ന് പറയുകയാണ് സത്യന്റെ ഇളയമകനായ ജീവൻ സത്യൻ.
മിസ് യൂ പപ്പാ...
രാവിലെ ഉണർന്ന് കുളിച്ച് റെഡിയായി പ്രാർത്ഥനയും നടത്തി ലൊക്കേഷനിലേക്ക് ഇറങ്ങുന്ന പപ്പയുടെ ചിത്രം ഇപ്പോഴും മനസിലുണ്ട്. എട്ടു മണിക്കാണ് ഷൂട്ടിംഗ് ആരംഭിക്കുന്നതെങ്കിലും ഏഴരയ്ക്കു തന്നെ പപ്പ ലൊക്കേഷനിൽ എത്തും. അത്ര കൃത്യമായാണ് പപ്പ ഓരോ കാര്യങ്ങളും ചെയ്യുന്നത്. ആ കൃത്യനിഷ്ഠ ജീവിതത്തിലെ എല്ലാ കാര്യത്തിലും പപ്പ പാലിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് മദ്രാസിലേക്ക് പോകുമ്പോൾ മൂന്നാളുടെയും കവിളിൽ ഉമ്മ തന്ന് ഞങ്ങളുടെ ഉമ്മയും വാങ്ങി മാത്രമേ പപ്പ ഇറങ്ങാറുള്ളൂ. ആ ഉമ്മയുടെ മധുരം കാലമിത്ര കഴിഞ്ഞിട്ടും അതേ പോലെ അനുഭവപ്പെടാറുണ്ട്. ഞങ്ങളെ പുറത്തേക്ക് കൊണ്ടുപോകാമെന്നു പറഞ്ഞാൽ കൃത്യമായി കൊണ്ടുപോകും. അതിനൊരു മുടക്കവും വരുത്താറില്ല. എത്ര തിരക്കിലാണെങ്കിലും ഞങ്ങളുടെ കൂടെ സമയം ചെലവഴിക്കാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. വളരെ സ്നേഹത്തോടെയാണ് ഞങ്ങൾ മൂന്നുപേരോടും (പ്രകാശ് സത്യൻ, സതീഷ് സത്യൻ, ജീവൻ സത്യൻ) പപ്പ സംസാരിച്ചിരുന്നത്. ഞങ്ങളെ ഒരു കമ്പെടുത്ത് തല്ലിയിട്ടു പോലുമില്ല. ചിലപ്പോൾ കേൾക്കുന്നവർക്ക് അത്ഭുതം തോന്നും. സിനിമയിലൊക്കെ സ്നേഹം ഉള്ളിലൊളിപ്പിക്കുന്ന സ്വഭാവമുള്ള പരുക്കൻ കഥാപാത്രങ്ങളാണ് പപ്പ കൂടുതലും ചെയ്തിട്ടുള്ളത്. പക്ഷേ യഥാർത്ഥ ജീവിതത്തിൽ അങ്ങനെ അല്ലായിരുന്നു. ഞങ്ങളുടെ ചുറ്റിലുമായിരുന്നു പപ്പ. ജീവിതത്തിലെ ഓരോ കാര്യത്തിലും എനിക്ക് പപ്പയെ ഭയങ്കരമായി മിസ് ചെയ്യാറുണ്ട്.
മ്യൂസിയത്തെ സൈക്കിൾ പഠിത്തം
ഞങ്ങൾ അന്ന് പി.എം.ജിയ്ക്കടുത്താണ് താമസിക്കുന്നത്. പപ്പ മദ്രാസിൽ ഷൂട്ടിംഗ് കഴിഞ്ഞ് തിരുവനന്തപുരത്തെത്തിയാൽ പിന്നെ ഞങ്ങൾക്കൊപ്പമാണ്. ബീച്ചിലും പാർക്കിലും ഒക്കെ കൊണ്ടുപോകും. ഞങ്ങളെ സൈക്കിൾ ചവിട്ടാൻ പഠിപ്പിക്കാനായി മ്യൂസിയത്തായിരുന്നു കൊണ്ടുപോയിരുന്നത്. ഒഴിവുസമയങ്ങളിൽ അവിടെ സ്ഥിരമായി കൊണ്ടുപോയി സൈക്കിൾ പരിശീലിപ്പിച്ചത് ഇന്നും മനസിലുണ്ട്. ജീവിതത്തിൽ ഒരേ ഒരു തവണയാണ് പപ്പ വഴക്കുപറഞ്ഞത്. അതിന് കാരണമായതും സൈക്കിൾ പഠനവുമായി ബന്ധപ്പെട്ട ഒരു സംഭവമായിരുന്നു. അന്ന് ഞങ്ങളുടെ വീട്ടിൽ ഡ്രൈവർ അങ്കിളും താമസിക്കുന്നുണ്ട്. ഒരുദിവസം വീട്ടിൽ നിന്ന് വൈകിട്ട് നാലുമണിയായപ്പോൾ ചവിട്ടി പഠിക്കാനായി സൈക്കിളുമെടുത്ത് ഞാനും ഡ്രൈവറങ്കിളും പുറത്തിറങ്ങി. ആറുമണിയായപ്പോഴാണ് തിരികെ വന്നത്. വീടിനടുത്തെത്തിയതും അടുത്ത വീട്ടിലെ ആന്റി പറഞ്ഞു വേഗം ചെല്ല് ഇപ്പോൾ കിട്ടും തല്ലെന്ന്. പപ്പ വീട്ടിലുള്ള സമയമായിരുന്നു. ഞാൻ പോകുമ്പോൾ പപ്പ പുറത്തുപോയിരിക്കുകയായിരുന്നു. പിന്നീട് മടങ്ങിയെത്തിയിട്ടും ഞാൻ തിരിച്ചെത്തിയില്ലായിരുന്നു. ചെന്നപ്പോൾ പപ്പ ചോദിച്ചു എവിടെപ്പോയിരുന്നു. സൈക്കിൾ ചവിട്ടാനാണെന്ന് മറുപടി നൽകി. വീട്ടിൽ പറഞ്ഞിട്ടാണോ പോയതെന്ന് അടുത്തചോദ്യം. ഇല്ലെന്ന് പറഞ്ഞു. അതെന്താ പറയാതെ പോയത്, എവിടെപ്പോയാലും വീട്ടിൽ പറഞ്ഞിട്ടു പോകണം. ഇതു പറഞ്ഞപ്പോൾ പപ്പയുടെ ശബ്ദം നല്ല കനത്തിലായിരുന്നു. ആദ്യമായല്ലേ അത്തരമൊരു രീതിയിൽ പപ്പ സംസാരിക്കുന്നത്. എനിക്ക് സങ്കടം വന്നു. അതിനുശേഷം എവിടെ പോയാലും ഞാൻ കൃത്യമായി വീട്ടിൽ പറയും. പപ്പ നൽകിയ ഉപദേശങ്ങളാണ് ആരോടും കളവ് പറയരുത്, കൃത്യനിഷ്ഠ പാലിക്കണം എന്നത്. ഞങ്ങൾ മൂന്നുപേരും അത് പാലിക്കാൻ ശ്രമിച്ചിരുന്നു.
ഓർമ്മകൾ കൊണ്ട് തുന്നിയ കുപ്പായം
ഞങ്ങളുടെ കുട്ടിക്കാലത്ത് മൂന്നു പേർക്കും ഒരേ പോലുള്ള ഉടുപ്പുകളാണ് പപ്പ വാങ്ങിത്തരാറുളളത്. ഒരേ നിറമുള്ള വസ്ത്രങ്ങളണിഞ്ഞ് നിൽക്കുന്ന ഞങ്ങളെ കാണാനും പപ്പയ്ക്ക് വലിയ ഇഷ്ടമായിരുന്നു. ഞങ്ങൾ വലുതായപ്പോഴാണ് ഒരേ വസ്ത്രങ്ങൾ എന്ന രീതി പപ്പ മാറ്റിയത്. മദ്രാസിൽ നിന്ന് വന്നു കഴിഞ്ഞാൽ സ്കൂളിലെയും കോളേജിലെയുമൊക്കെ വിശേഷങ്ങൾ ചോദിക്കും, കണ്ട സിനിമകളെ കുറിച്ചും. പപ്പയുടെ സിനിമകളെ കുറിച്ചുള്ള അഭിപ്രായങ്ങളും ആരായും. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും കാരംസും കാർഡ്സും കളിക്കുന്നതും തമാശ പറഞ്ഞിരുന്നതും നിറയെ ചിരിച്ചിരുന്നതുമൊക്കെ ഇന്നും മധുരമുള്ള ഓർമ്മകളാണ്.
പത്രത്തിലൂടെ അറിഞ്ഞ അപകടം
പപ്പ ഭയങ്കര ഡ്രൈവിംഗ് ക്രെയ്സ് ഉള്ള ആളായിരുന്നു. മദ്രാസിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ കാറോടിക്കാൻ ഡ്രൈവറെ വച്ചിരുന്നില്ല. മദ്രാസിൽ നിന്ന് പുറപ്പെടുമ്പോൾ വിളിക്കും. രാവിലെ ഏഴിന് പുറപ്പെട്ടാൽ രാത്രി എട്ടുമണിക്ക് വീട്ടിലെത്തും. അതാണ് കണക്ക്. ചെമ്മീന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം. ക്ളൈമാക്സ് ചിത്രീകരണം പുറക്കാട്ട് നടക്കുകയാണ്. ഒരു കൊച്ചുവള്ളത്തിലായിരുന്നു പപ്പ. ചങ്ങാടത്തിലായിരുന്നു കാമറയും സിനിമയുടെ മറ്റു ക്രൂവും. ചങ്ങാടവും വള്ളവും അനങ്ങാതിരിക്കാനായി രണ്ട് ബോട്ടുകളിൽ കയർ കെട്ടി ചങ്ങാടവുമായി ബന്ധിപ്പിച്ചിട്ടുണ്ടായിരുന്നു ചുഴിക്കടുത്തേക്ക് പോകുന്ന രംഗമെടുക്കുമ്പോൾ വടം പൊട്ടി നിയന്ത്രണം പോയി. പപ്പ ഉടൻ ചാടി നീന്തി ചങ്ങാടത്തിൽ കയറിയതിനാൽ രക്ഷപ്പെട്ടു. അടുത്തദിവസം രാവിലെ പത്രത്തിൽ വാർത്ത കണ്ടാണ് ഞങ്ങൾ വിവരം അറിഞ്ഞത്. ആലപ്പുഴയിലെ ഗസ്റ്റ്ഹൗസിലായിരുന്നു പപ്പ താമസിച്ചത്. ഞങ്ങൾ ഫോണിൽ വിളിച്ചപ്പോൾ പപ്പയെ കിട്ടി. കുഴപ്പമൊന്നുമില്ല വൈകിട്ട് തിരുവനന്തപുരത്തേക്ക് പുറപ്പെടുമെന്ന് പറഞ്ഞു. തിരികെ തിരുവനന്തപുരത്തേക്ക് വരുമ്പോൾ മംഗലപുരത്തുവച്ച് പപ്പയുടെ കാർ നിയന്ത്രണം വിട്ട് ഒരു കിണറിന്റെ കൈവരിയിലിടിച്ചു. ആ ഇടിയിൽ പപ്പ വന്ന് കാറിന്റെ സ്റ്റിയറിംഗിൽ ഇടിച്ചു. സ്റ്റിയറിംഗൊക്കെ പൊട്ടി. പപ്പയുടെ റിബ്ബിനും പൊട്ടലുണ്ടായി. ഡോക്ടർ പറഞ്ഞു, ഇനി സ്വയം ഡ്രൈവിംഗ് വേണ്ട. അതിനുശേഷമാണ് മദ്രാസ് തിരുവനന്തപുരം ഫ്ളൈറ്റിൽ യാത്ര തുടങ്ങിയത്. ഒന്നരമാസത്തോളം വീട്ടിൽ വിശ്രമിച്ചതിനുശേഷമാണ് പപ്പ മദ്രാസിൽ പോയത്. പക്ഷേ വീട്ടിലെത്തിക്കഴിഞ്ഞാൽ ഞങ്ങളെ പുറത്തു കൊണ്ടുപോകുമ്പോൾ ഡ്രൈവിംഗ് സീറ്റിൽ പപ്പ തന്നെയാണ് ഉണ്ടായിരുന്നത്.
മദ്രാസിലെ അവധിക്കാലം
ഞങ്ങൾ മൂന്നാൾക്കും വെക്കേഷനായാൽ നേരെ പോകുന്നത് മദ്രാസിലേക്കാണ്. അവിടെ പപ്പ ആദ്യം താമസിച്ചിരുന്നത് സാമീസ് ലോഡ്ജിലാണ്. പിന്നീട് മാമ്പലത്ത് സ്വന്തമായി ഫ്ളാറ്റ് വാങ്ങി. അവിടെത്തന്നെയാണ് ഞങ്ങളും നിൽക്കുക. ഷൂട്ടിംഗ് കഴിഞ്ഞുവന്നാൽ പിന്നെ കറക്കവും ഷോപ്പിംഗും സിനിമയുമൊക്കെയായി ആകെ രസമാണ്. കുറച്ചുദിവസം അവിടെ തങ്ങിയശേഷമേ ഞങ്ങൾ നാട്ടിലേക്ക് മടങ്ങാറുള്ളൂ. തിരുവനന്തപുരം സെൻട്രൽ തിയേറ്ററിൽ കാട്ടുതുളസിയുടെ അൻപതാം ദിവസത്തിന്റെ ആഘോഷം നടക്കുമ്പോൾ പപ്പ ഞങ്ങളെയും കൂട്ടിയിരുന്നു. നന്നായി പഠിക്കണമെന്ന് പപ്പ അവസാന കാലത്ത് എപ്പോഴും പറയുമായിരുന്നു.
ഒരിക്കലും മറക്കാത്ത ആ ഞായറാഴ്ച
എൻജിനിയറിംഗിന്റെ മൂന്നാം വർഷ പരീക്ഷ തുടങ്ങുന്നതിന്റെ തലേന്ന്. അന്നൊരു ഞായറാഴ്ചയായിരുന്നു. മദ്രാസിൽ നിന്നും ഫോൺ വന്നു. പപ്പയെ ആശുപത്രിയിലാക്കിയെന്നും അമ്മയോ ബന്ധുക്കൾ ആരെങ്കിലുമോ അവിടെ എത്തിയാൽ കൊള്ളാമെന്നും പറഞ്ഞായിരുന്നു വിളി. അടുത്ത ദിവസം എനിക്ക് പരീക്ഷയായതിനാൽ അമ്മയും രണ്ടാമത്തെ ചേട്ടനും (സതീഷ് സത്യൻ) കൂടി അന്നുതന്നെ മദ്രാസിൽ പോയി. ചെന്നിട്ട് വിളിക്കാമെന്നും പറഞ്ഞിരുന്നു. അടുത്തദിവസം പരീക്ഷ കഴിഞ്ഞ് ഞാനെത്തിയപ്പോൾ കാണുന്നത് ഞങ്ങൾക്ക് രണ്ടാൾക്കുമായി വിമാനടിക്കറ്റുമായി നിൽക്കുന്ന മൂത്ത ചേട്ടനെയാണ് (പ്രകാശ് സത്യൻ). ഉടൻ ഞങ്ങൾ മദ്രാസിലെത്തി. അപ്പോൾ പപ്പയെ ഐ.സി.യുവിലാക്കിയിരുന്നു. പേടിക്കാനില്ലെന്ന് ഡോക്ടർമാർ പറയുന്നതിൽ തന്നെ പ്രശ്നമാണെന്ന് ഞങ്ങൾക്ക് മനസിലായി. അന്ന് ഇൻക്വിലാബ് സിന്ദാബാദ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ഞായറാഴ്ച ബ്ളഡ് ട്രാൻസ്ഫ്യൂഷനു വരുമെന്ന് ഡോ. കെ. ജഗദീഷിനോട് പറയാൻ വേണ്ടിയാണ് പപ്പ ശനിയാഴ്ച രാത്രി കെ.ജെ ഹോസ്പിറ്റലിൽ എത്തിയത്. മടങ്ങാൻ നേരം ഡോക്ടർക്ക് കൈ കൊടുത്തു. പതിവിലുമധികം ചൂട് കൈയ്ക്ക് അനുഭവപ്പെട്ട ഡോക്ടർ പപ്പയോട് അവിടെ റെസ്റ്റെടുക്കാൻ പറഞ്ഞു. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് പപ്പ അനുസരിച്ചു. തിരുവനന്തപുരത്ത് ഡോ. പൈയും വെല്ലൂരിൽ ഡോ. പവൻസിംഗും ചെന്നൈയിൽ ഡോ. ജഗദീഷുമാണ് പപ്പയുടെ ചികിത്സ നടത്തിയിരുന്നത്. ജഗദീഷ് ഡോക്ടർ അപ്പോഴേക്കും മറ്റു രണ്ടു ഡോക്ടർമാരെയും ചെന്നൈയിലേക്ക് വിളിപ്പിച്ചിരുന്നു. ആരോഗ്യനില അത്രയ്ക്ക് മോശമായിരുന്നു. ഐ.സി.യുവിൽ അബോധാവസ്ഥയിൽ കിടക്കുന്ന പപ്പയെ കണ്ട എന്നെയും മൂത്ത ചേട്ടനെയും ഫ്ളാറ്റിലേക്ക് പറഞ്ഞുവിട്ടു. പുലർച്ചെ അഞ്ചു മണിക്ക് പപ്പ ഞങ്ങളെ വിട്ടു പോയി. ചുറ്റും ഇരുട്ട് പരക്കുന്ന പോലെ തോന്നി. ഞങ്ങളുടെ പപ്പ ഇനി ഇല്ല എന്ന് വിശ്വസിക്കാൻ മനസ് ആദ്യം സമ്മതിച്ചില്ല. ഞങ്ങളുടെ സ്നേഹം, അതാണ് ഓർക്കാപ്പുറത്ത് കെട്ടുപോയത്. മദ്രാസിലെ മലയാള ചലച്ചിത്ര പരിഷത്തിൽ പപ്പയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചു. തിരുവനന്തപുരത്തേക്ക് മൃതദേഹം വിമാനത്തിൽ കൊണ്ടുവന്നത് മഞ്ഞിലാസിന്റെ ചെലവിലായിരുന്നു. വി.ജെ.ടി ഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആയിരങ്ങളാണ് പപ്പയെ കാണാനെത്തിയത്. പപ്പയുമായി തിരുവനന്തപുരത്ത് എത്തിയതും വിങ്ങുന്ന മനസോടെ യാത്രാമൊഴി നൽകി അടക്കം നടത്തിയതുമെല്ലാം കണ്ണീരിനോടൊപ്പമല്ലാതെ ഇന്നും ഓർക്കാൻ കഴിയില്ല, ലവ് യു പപ്പ... മിസ് യു പപ്പ...