fuel

ന്യൂഡൽഹി: ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന് നിരത്തുകളും വ്യവസായലോകവും വീണ്ടും സജീവമായതോടെ, ഇന്ത്യയിൽ ഇന്ധന ഡിമാൻഡ് വീണ്ടും ഉണർവിന്റെ ട്രാക്കിലേറി. ഏപ്രിലിനെ അപേക്ഷിച്ച് മേയിൽ പെട്രോൾ വില്പന 70 ശതമാനം വർദ്ധിച്ചു. ഡീസൽ വില്പന വളർച്ച 59 ശതമാനം. എൽ.പി.ജി വിതരണത്തിലും വലിയ വളർച്ചയുണ്ട്.

വിപണി സാധാരണനിലയിൽ എത്തിയതോടെ, പെട്രോളിയം സംസ്‌കരണം കൂട്ടാനുള്ള നടപടികൾ എണ്ണ വിതരണ കമ്പനികൾ ആരംഭിച്ചു. ലോക്ക്ഡൗണിൽ (ഏപ്രിൽ) റിഫൈനറിയുടെ ഉപയോഗം 39 ശതമാനം വരെ താഴ്‌ത്തിയ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) ഇപ്പോൾ ഉപയോഗിക്കുന്നത് 83 ശതമാനമാണ്. കമ്പനിയുടെ ഗുവഹാത്തി റിഫൈനറി അറ്റകുറ്റപ്പണികൾക്ക് ശേഷം തുറക്കുമ്പോൾ, ഈമാസം തന്നെ മൊത്തം റിഫൈനറി ഉപയോഗം 90 ശതമാനത്തിലുമെത്തും.

പ്രതിവർഷം 249.36 മില്യൺ ടണ്ണാണ് (എം.ടി.പി.എ) ഇന്ത്യയുടെ പെട്രോളിയം സംസ്കരണശേഷി. ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ., എച്ച്.പി.സി.എൽ., നയാര എനർജി, റിലയൻസ് ഇൻഡസ്‌ട്രീസ് എന്നിവയുടെ കീഴിലായി 23 റിഫൈനറികളും പ്രവർത്തിക്കുന്നു.

ക്രൂഡ് വില മേലോട്ട്

ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡ് വില (ഇന്ത്യൻ ബാസ്‌കറ്റ്) ബാരലിന് 2017-18ൽ 56.43 ഡോളറായിരുന്നു. 2018-19ൽ വില 69.88 ഡോളറിലെത്തി. ഇക്കഴിഞ്ഞ ഏപ്രിലിൽ വില 19.90 ഡോളറിലേക്ക് കൂപ്പുകുത്തി. എന്നാൽ, ലോക്ക്ഡൗൺ ആയതിനാൽ ഇന്ത്യയിൽ ആനുപാതികമായി പെട്രോൾ, ഡീസൽ വില എണ്ണ വിതരണക്കമ്പനികൾ കുറിച്ചില്ല. ഇന്നലെ ഇന്ത്യൻ ബാസ്‌കറ്റ് 3.78 ശതമാനം വർ‌ദ്ധിച്ച്, 42.29 ഡോളറാണ്. ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കൂട്ടാനും തുടങ്ങി.