naomi-osaka

വംശവെറിക്കെതിരെ കടുത്ത നിലപാടുമായി നവോമി ഒസാക്ക

ടോക്കിയോ: വംശവെറിക്കെതിരെ നിലപാട് കടുപ്പിച്ച് ലോകത്തെ ഏറ്രവും വരുമാനമുള്ള വനിതാ കായികതാരം നവോമി ഒസാക്ക. ഞാൻ വായടച്ചിരിക്കില്ല, വംശീയക്കെതിരായ പോരാട്ടത്തിൽ ഞാൻ മുൻപന്തിയിലുണ്ടാകും - രണ്ട് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ സ്വന്തമാക്കിയ ടെന്നിസ് താരമായ ഒസാക്ക കഴിഞ്ഞ ദിവസം വ്യക്തമാക്കി.

അമേരിക്കയിൽ പൊലീസുകാരുടെ ക്രൂര പീഡനത്തെത്തുടർന്ന് ജോർജ് ഫ്ലോയിഡ് എന്ന കറുത്ത വർഗക്കാരൻ കൊല്ലപ്പെട്ടതിനെത്തുടർന്ന് പടർന്ന പ്രതിഷേധത്തിന് ഒസാക്ക തന്റെ സാമൂഹ്യമാദ്ധ്യമ അക്കൗണ്ടുകളിലൂടെ പിന്തുണയറിയിച്ചിരുന്നു. എന്നാൽ ഇതിനെതിരെ താരം പ്രതിനിധാനം ചെയ്യുന്ന ജപ്പാനിൽ നിന്ന് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഇതൊന്നും തന്നെ വംശീയതയ്ക്കെതിരായ പോരാട്ടത്തിൽ നിന്ന് പിൻതിരിപ്പിക്കില്ലെന്ന് ഒസാക്ക റോയിട്ടേഴ്സിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. ജോർജ് ഫ്ലോയിഡിന്റെ മരണം എന്നെ പിടിച്ചുലച്ചു. നിശബ്ദത ക്രൂരതയും ചതിയുമാണ്, അസമത്വത്തിനെതിരെ എല്ലാവരും പ്രതികരിക്കണം. ഫ്ലോയിഡിന് സംഭവിച്ചത് നാളെ ആർക്കുവേണമെങ്കിലും സംഭവിക്കാം. വിമർശനങ്ങൾ കൊണ്ട് എന്റെ വായടപ്പിക്കാനാകില്ല. നിലപാടുകൾകൊണ്ട് കായക താരങ്ങൾക്ക് രാഷ്ട്രീയക്കാരേക്കൾ സ്വാധീനം ജനങ്ങൾക്കിടയിൽ ഉണ്ടാക്കാൻ സാധിക്കുമെന്നും 22 കാരിയായ ഒസാക്ക കൂട്ടിച്ചേർത്തു. അതേസമയം ഒസാക്കയെ വിമർശിച്ച നിരവധിയാളുകൾ പിന്നീട് ക്ഷമാപണം നടത്തിയിരുന്നു.

ഒസാക്കയുടെ പിതാവ് ഹെയ്തി സ്വദേശിയും മാതാവ് ജപ്പാൻകാരിയുമാണ്. അമേരിക്കയിലെ ലോസാഞ്ചലസിലാണ് ഒസാക്ക കൂടുതൽ സമയവും താമസിക്കുന്നത്.