രക്തസമ്മർദ്ദം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഉയർന്ന രക്തസമ്മർദ്ദം കാരണം മസ്തിഷ്‌കാഘാതം, ഹൃദയധമനികളിൽ രക്തം കട്ടപിടിക്കൽ തുടങ്ങിയവ സംഭവിക്കുന്നു. ഇതേ കാരണത്താൽ വൃക്ക തകരാറിലാകാനും കണ്ണുകളിലേക്കുള്ള രക്തധമനികൾ കേടുവരാനും സാദ്ധ്യത ഏറെയാണ്. കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തിയ ഒരു സർവേ അനുസരിച്ച് 40 വയസിൽ താഴെയുള്ള അഞ്ച് പേരിൽ ഒരാൾക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഉയർന്ന രക്തസമ്മർദ്ദമുള്ളവരിൽ ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, മൂക്കിൽ നിന്ന് രക്തസ്രാവം, തലവേദന, ക്രമരഹിതമായ ഹൃദയമിടിപ്പ്, നെഞ്ചുവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാം.
ഔഷധത്തിന് പുറമെ ശാന്തവും സന്തോഷവും നിറഞ്ഞതുമായ മാനസികാവസ്ഥ, വ്യായാമം, മദ്യവും പുകവലിയും ഉപേക്ഷിക്കൽ, ഉപ്പിന്റെ പരമാവധി കുറഞ്ഞ ഉപയോഗം , ആഹാരത്തിൽ പൊട്ടാസ്യവും കാത്സ്യവും ഉറപ്പാക്കൽ, കാപ്പിയുടെ കുറഞ്ഞ ഉപയോഗം എന്നിവയും ഉറപ്പാക്കേണ്ടതുണ്ട്.