ബംഗളുരു:- ചൈനീസ് വീഡിയോ ഷെയറിങ് വിനോദ ആപ്പായ ടിക്ടോകിന് പകരമാകാൻ ഇന്ത്യയിൽ നിന്ന് മറ്റൊരു പുതിയ സമ്പൂർണ വിനോദ ആപ്പ്. ബംഗളുരുവിലെ സ്റ്രാർട്ടപ് കമ്പനിയുടെ വകയായ 'ചിങ്കാരി' ആണ് പുതിയ ആപ്പ്. ബിശ്വാത്മ നായിക്, സിദ്ധാർത്ഥ് ഗൗതമിൻ എന്നീ ബംഗളുരു സ്വദേശികളുടെ സംരംഭമാണ് ഈ ആപ്പ്.വീഡിയോകൾ ഡൗൺലോഡ് ചെയ്യാനും അപ് ലോഡ് ചെയ്യാനും മാത്രമല്ല സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനും പുതിയ ആളുകളെ സുഹൃത്തുക്കളാക്കുവാനും വാട്സാപ്പ് സ്റ്റാറ്റസുകൾ, വീഡിയോകൾ, ചിത്രങ്ങൾ ഇവ വഴി ഷെയർ ചെയ്യാനും കഴിയുമെന്ന് 'ചിങ്കാരി'യുടെ നിർമ്മാതാക്കൾ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, മീമുകൾ,പാട്ടുകൾ, വചനങ്ങൾ ഇവയൊക്കെ നിർമ്മിക്കാനും പ്രചരിപ്പിക്കാനും ഉപയോക്താക്കൾക്ക് 'ചിങ്കാരി'യിലൂടെ കഴിയും. ഹിന്ദിക്കും ഇംഗ്ളീഷിനും പുറമേ എട്ടോളം ഇന്ത്യൻ ഭാഷകൾ ചിങ്കാരിയിൽ ഉപയോക്താക്കൾക്ക് ലഭിക്കും. ബംഗ്ള, ഗുജറാത്തി, മറാത്തി, കന്നട, പഞ്ചാബി, മലയാളം,തമിഴ്, തെലുങ്ക് എന്നിവയാണ് അവ. വീഡിയോകൾ എത്രത്തോളം ജനങ്ങളിലെത്തുന്നു എന്ന സ്വീകാര്യത നോക്കി നിർമ്മിച്ചവർക്ക് പ്രതിഫലം നൽകുമെന്നും കമ്പനി ഉടമകൾ അറിയിച്ചു.ആൻഡ്രോയിഡ് പ്ലേസ്റ്രോറിലും ആപ്പിളിന്റെ ആപ് സ്റ്റോറിലും ഇതുവരെ ഒരു ലക്ഷത്തോളം പേർ ആപ്പ് ഡൗൺലോഡ് ചെയ്ത് കഴിഞ്ഞതായി കമ്പനി അറിയിച്ചു.
മുൻപ് ടിക്ടോകിന് പകരമായി ഇന്ത്യൻ കമ്പനി ആരംഭിച്ച 'മിത്രോം' ആപ്പ് സാങ്കേതിക പ്രശ്നത്തിന്റെ പേരിൽ പ്ലേസ്റ്രോറിൽ നിന്ന് നീക്കം ചെയ്തിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ച് തിരികെയെത്തുമെന്ന് ആപ്പ് നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്.