ശബരിമല: കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്നതിനാൽ ശബരിമല ക്ഷേത്രത്തിലെ ആറാട്ട് ഉത്സവം ഒഴിവാക്കണമെന്നും മിഥുന മാസ പൂജകൾക്ക് തീർത്ഥാടകരെ പ്രവേശിപ്പിക്കരുതെന്നും തന്ത്രി കണ്ഠരര് മഹേഷ് മോഹനര് നിർദ്ദേശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ ബി.എസ്. തിരുമേനിയെ ഇ മെയിലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അതേസമയം, ഉത്സവം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായപ്പോഴുള്ള തന്ത്രിയുടെ മനം മാറ്റത്തെക്കുറിച്ച് അറിയില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു. ഇക്കാര്യം തന്ത്രി രേഖാമൂലം ബോർഡിനെ അറിയിച്ചിട്ടില്ല. തന്ത്രി നേരത്തേ എഴുതി നൽകിയ അനുമതിയുടെയും ക്ഷേത്രങ്ങളിൽ നിയന്ത്രിതമായി തീർത്ഥാടകരെ പ്രവേശിപ്പിക്കാമെന്ന സർക്കാർ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് ചടങ്ങുകൾക്ക് അന്തിമ രൂപം നൽകിയത്. 14 ന് വൈകിട്ട് നടക്കേണ്ട മിഥുനമാസ പൂജകൾക്കും 19 മുതൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിനും എല്ലാ ക്രമീകരണങ്ങളുമായി. മാർച്ച് 27 ന് കൊടിയേറി ഏപ്രിൽ 7 ന് ആറാട്ടോടെയാണ് ഉത്സവം സമാപിക്കേണ്ടത്. ലോക്ക് ഡൗൺ കാരണം മാസപൂജകൾ മാത്രമാണ് നടന്നത്. വിഷു ഉത്സവവും ഒഴിവാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
' ഉത്സവ നടത്തിപ്പ് സംബന്ധിച്ച് ദേവസ്വം ബോർഡിന് കത്ത് നൽകുമ്പോൾ കൊവിഡ് വ്യാപനം കേരളത്തിൽ ഇത്ര രൂക്ഷമായിരുന്നില്ല. തമിഴ്നാട്ടിൽ നിന്നെത്താൻ വ്യാജ സർട്ടിഫിറ്റുകൾ ലഭിക്കുമെന്നതിനാൽ നിയന്ത്രണം ഫലപ്രദമാകില്ല. ഉത്സവത്തിനിടെ കൊവിഡ് പകർന്നാൽ ചടങ്ങുകൾ മാറ്റിവയ്ക്കേണ്ടിവരും. പ്രത്യേക സാഹചര്യത്തിൽ ഉത്സവം നടത്തിയില്ലെങ്കിലും ദേവന്റെ അഹിതമുണ്ടാവില്ല. ഇത് ദൈവനിശ്ചയമാവാം ' .
-തന്ത്രി കണ്ഠരര് മഹേഷ് മോഹനര്
.
' ശബരിമല തന്ത്രിക്കു പുറമെ, ദേവസ്വം ബോർഡിലെ എല്ലാ തന്ത്രിമാരുടെയും അഭിപ്രായം തേടിയശേഷമാണ് ഉത്സവം സംബന്ധിച്ച തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ തന്ത്രിമാരുമായി ആലോചിച്ച് വ്യക്തത വരുത്തും '.
-എൻ. വാസു.
പ്രസിഡന്റ്, ദേവസ്വം ബോർഡ്.
മന്ത്രി കടകംപള്ളി വിളിച്ച യോഗം ഇന്ന്
തിരുവനന്തപുരം : ശബരിമല നട തുറക്കുന്നതിൽ നിലപാടറിയാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിളിച്ച ദേവസ്വം ബോർഡ് ഭാരവാഹികളുടെയും തന്ത്രിമാരുടെയും യോഗം ഇന്ന് ചേരും.
ശബരിമല ക്ഷേത്രത്തിൽ ഉടൻ ഭക്തരെ പ്രവേശിപ്പിക്കണമെന്ന് യാതൊരു നിർബന്ധവും സർക്കാരിനില്ലെന്ന് മന്ത്രി കടകംപള്ളി വ്യക്തമാക്കി. ഭക്തരുടെ അഭിപ്രായത്തിനാണ് മുൻതൂക്കം. കർശന നിയന്ത്രണങ്ങളോടെയാണ് ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. നട തുറക്കലും ഉത്സവവും മാറ്റിവയ്ക്കാൻ തന്ത്രി ദേവസ്വം ബോർഡിന് കത്തയച്ചതായി അറിയില്ല. ബോർഡിന് കത്തുകിട്ടിയിട്ടില്ലെന്നാണ് പറയുന്നത്. ഇന്നത്തെ ചർച്ചയ്ക്ക് ശേഷം തന്ത്രിമാരുടെ അഭിപ്രായം കൂടി മാനിച്ചുളള തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.