തിരുവനന്തപുരം : കൊവിഡ് രോഗിയായ ആനാട് സ്വദേശി ആത്മഹത്യചെയ്തതിന് പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാളും ജീവനൊടുക്കി.. കൊവിഡ് നിരീക്ഷണത്തിലിരുന്ന നെടുമങ്ങാട് സ്വദേശിയായ മുരുകനാണ് ( 38) മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം.
കൊവിഡ് സംശയിച്ച് ചൊവ്വാഴ്ചയാണ് മുരുകനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകിട്ട് ഐസൊലേഷൻ മുറിയിൽ ഉടുമുണ്ട് ഫാനിൽകെട്ടി തൂങ്ങിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഇന്ന് രാവിലെ ആത്മഹഹ്യക്ക് ശ്രമിച്ച കൊവിഡ് രോഗിയായ ആനാട് സ്വദേശി ഉച്ചയോടെ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആത്മഹത്യാശ്രമം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് ചാടിപ്പോയ ശേഷം മടക്കിയെത്തിച്ച ആനാട് സ്വദേശിയാണ് ഇന്ന് മരിച്ചത്. ഇന്നുരാവിലെ ഐസൊലേഷൻ വാർഡിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച ഇയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഉച്ചയോടെയായിരുന്നു മരണം.
കഴിഞ്ഞദിവസം ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഐസൊലേഷൻ വാർഡിൽ നിന്ന്പുറത്തിറങ്ങിയ ഇയാൾ കെ.എസ്.ആർ.ടി.സി ബസിൽ കയറി ആനാട് വരെ എത്തിയെങ്കിലും നാട്ടുകാർ തിരിച്ചറിഞ്ഞതോടെ ഇയാളെ പിടികൂടി ആശുപത്രിയിൽ തിരികെ എത്തിക്കുകയായിരുന്നു.
കൂട്ടുകാരോടൊത്ത് മദ്യപിക്കുന്നതിനിടെ കുഴഞ്ഞുവീണ ഇയാൾക്ക് കഴിഞ്ഞമാസം 29നാണ് കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിൽ നിന്ന് മദ്യം വാങ്ങാൻ പോയപ്പോഴാണ് ഇയാൾക്ക് കൊവിഡ് ബാധിച്ചതെന്നാണ് അധികൃതർ പറയുന്നത്.അവസാന പരിശോധനയിൽ ഫലം നെഗറ്റീവായതിന് പിന്നാലെയാണ് ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇയാൾ പുറത്തിറങ്ങിയത്.രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ഇയാൾക്ക് ആശുപത്രി വിടാമായിരുന്നു.